ADVERTISEMENT

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ 11 പഞ്ചായത്തുകളിലും ഇരകൾക്ക് ആവശ്യത്തിനു മരുന്നും ഫിസിയോതെറപ്പിയും വൈദ്യസഹായത്തിനുള്ള വാഹനവും ലഭ്യമല്ലെന്നും ഇതുകാരണം കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി റിപ്പോർട്ട്. റിപ്പോർട്ട് ഹൈക്കോടതിക്കു കൈമാറി. 

ഇരകൾക്കു ജില്ലയിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലെന്നും അതിനാൽ കേന്ദ്രീകൃത പാലിയേറ്റീവ് ആശുപത്രി വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സെർവ് കലക്ടീവ് കൂട്ടായ്മ നൽകിയ ഹർജിക്കു മറുപടിയായി ജില്ലയിൽ ചികിത്സാ സൗകര്യങ്ങളുണ്ടെന്നു കാണിച്ചാണു സംസ്ഥാന സർക്കാർ നേരത്തേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ശേഷം സ്വതന്ത്രമായ പഠനത്തിനു ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. തുടർന്നു സ്പെഷൽ ബെഞ്ച് രൂപീകരിച്ചു വിഷയം പഠിച്ചു നടപടിയെടുക്കാൻ കേരള ഹൈക്കോടതിക്കു കേസ് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ജില്ലയിൽ ചികിത്സാ സൗകര്യമുണ്ടെന്നാണു വാദിച്ചത്.

എം പാനൽ ആശുപത്രികളിൽ ചികിത്സ തുടരുന്നുണ്ട്, മരുന്നു സൗജന്യമായി നൽകുന്നു, വീട്ടിലെത്തി വൈദ്യസഹായവും ലഭ്യമാക്കുന്നു, 11 പഞ്ചായത്തുകളിലും ഫിസിയോതെറപ്പിസ്റ്റ് സേവനമുണ്ട്, നഴ്സുമാർ വീട്ടിലെത്തി പാലിയേറ്റീവ് കെയർ നൽകുന്നു, 11 പഞ്ചായത്തുകളിലും വാഹനം ലഭ്യമാണ് എന്നിങ്ങനെയായിരുന്നു സർക്കാർ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി സ്വമേധയാ എടുത്ത കേസായതിനാൽ സെർവ് കൂട്ടായ്മയ്ക്കു വേണ്ടി സെക്രട്ടറി കെ.കെ.അശോകൻ ഇതിൽ അപേക്ഷ നൽകി കക്ഷി ചേർന്നു സർക്കാർ വാദം ചോദ്യം ചെയ്തു. 

തുടർന്നാണു വീണ്ടും റിപ്പോർട്ട് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോടു ഹൈക്കോടതി നിർദേശിച്ചത്. സർക്കാർ വാദങ്ങളിൽ പലതും ശരിയല്ലെന്നാണു ലീഗൽ സർവീസ് അതോറിറ്റി റിപ്പോർട്ടിലുള്ളത്. 2023 മാർച്ചിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് ഇല്ലാതായതിനാലാണു സേവനങ്ങൾ തുടരാനാവാത്തതെന്നും ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്. കോടതി ഉടനെ കേസിൽ വിധി പറയുമെന്നാണു കരുതുന്നത്.

വിവിധ പഞ്ചായത്തുകളിലെ സ്ഥിതി 
കയ്യൂർ ചീമേനി
474  ഇരകൾ. 2023 മാർച്ചിനു ശേഷം വീട്ടിലെത്തി പരിചരിക്കാനുള്ള വാഹനമില്ല. ഫിസിയോതെറപ്പിസ്റ്റും മെഡിക്കൽ സംഘവും ഇരകളുടെ വീടു സന്ദർശനത്തിൽ ദുരിതം നേരിടുന്നു. 2 മാസമായി മരുന്നില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പി ചെയ്യാനുള്ള സജ്ജീകരണമില്ല. വാഹനമില്ല, രക്ഷിതാക്കളും ഇരകളും നടന്നു ചികിത്സയ്ക്കെത്തേണ്ട സ്ഥിതി.

കള്ളാർ 
540 ഇരകളിൽ 60 പേർ മരണപ്പെട്ടു. വാഹന സൗകര്യമില്ല. ഇതുകാരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഫിസിയോതെറപ്പി ചെയ്യാനാവുന്നില്ല. ഫിസിയോതെറപ്പിസ്റ്റ് വീടുകളിലെത്തി നൽകിയിരുന്ന സേവനം ലഭിക്കുന്നില്ല. മരുന്നും ലഭ്യമല്ല. കിടപ്പുരോഗികൾക്കു ഡോക്ടർ, നഴ്സ്, ആശ വർക്കർമാർ എന്നിവരുടെ സേവനം ലഭിക്കുന്നില്ല.

പനത്തടി
460 ഇരകളിൽ 93 പേർ മരിച്ചു. മരുന്നു ലഭ്യതയില്ല. വാഹനമില്ലാത്തതിനാൽ ഇരകൾക്കു വീട്ടിലെത്തിയുള്ള സേവനങ്ങൾ ലഭിക്കുന്നില്ല.

 പുല്ലൂർ പെരിയ 
675 ഇരകൾ. ഒരു വർഷമായി വൈദ്യ സംഘത്തിന്റെ വീട് സന്ദർശനമില്ല. മാസത്തിലൊരിക്കൽ വീട്ടിലെത്തി പരിശോധന നടത്തുന്നു. ഒരു വർഷമായി മരുന്നു ലഭിക്കുന്നില്ല. 

മുളിയാർ 
436 ഇരകളിൽ 70 പേർ മരിച്ചു. മരുന്നും വാഹന സൗകര്യവുമില്ല. പെൻഷൻ  മുടങ്ങുന്നതു പ്രതിസന്ധി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹജീവനം എന്ന പേരിൽ പരിശോധന, ഹൈഡ്രോതെറപ്പി യൂണിറ്റ് ഉണ്ടെങ്കിലും വാഹന സൗകര്യമില്ല.

ബദിയടുക്ക 
465 ഇരകളിൽ 105 പേർ മരിച്ചു. മരുന്ന് ലഭ്യമല്ല. ഗൃഹസന്ദർശനം നിലച്ചു. ഇരകൾ വലിയ തുക നൽകിയ മെഡിക്കൽ ഷോപ്പിൽനിന്നു മരുന്നു വാങ്ങുന്നു. പെൻഷനും കൃത്യസമയത്തു ലഭിക്കുന്നില്ല, പരിയാര‌ത്തെ കണ്ണൂർ   ഗവ.മെഡിക്കൽ കോളജാണ് ആശ്രയം. ഇതിനായി വാഹന സൗകര്യം ലഭ്യമല്ല.

കാറഡുക്ക
406 ഇരകളിൽ 84 പേർ മരിച്ചു. നഴ്സ്, വാഹനം, അത്യാവശ്യ മരുന്നുകൾ എന്നിവ ലഭ്യമല്ലാത്തതിനാൽ കുടുംബങ്ങൾ സ്വന്തം ഫണ്ടിൽനിന്ന് മാസം 5000 രൂപ വരെ ചെലവഴിക്കാൻ കണ്ടെത്തേണ്ടി വരുന്നു. വീടുകളിലെത്തിയുള്ള വൈദ്യസഹായവുമില്ല. 

ബെള്ളൂർ 
375 ഇരകളിൽ 109 പേർ മരണപ്പെട്ടു. മരുന്നിനും ചികിത്സയ്ക്കും ഫണ്ട് നിലച്ചതിനാൽ കുടുംബങ്ങൾ 5000 മുതൽ 10000 വരെ മാസം ചെലവഴിക്കേണ്ടി വരുന്നു. വാഹനമില്ലാത്തതിനാൽ ഫിസിയോതെറപ്പി സേവനവും പ്രതിസന്ധിയിൽ. ആവശ്യത്തിനു ഫിസിയോതെറപ്പി ഉപകരണങ്ങളുമില്ല.

എൻമകജെ
535 ഇരകളിൽ 129 പേർ മരണപ്പെട്ടു. വാഹനമില്ലാത്തതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫിസിയോതെറപ്പിക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞു. മരുന്നിനും ലഭ്യതക്കുറവ്.

കുംബഡാജെ
432 ഇരകളിൽ 78 പേർ മരണപ്പെട്ടു. മരുന്നു ലഭ്യതയില്ല. വാഹനമില്ലാത്തതിനാൽ ഡോക്ടർമാരുടെയും ഫിസിയോതെറപ്പിസ്റ്റിന്റെയും വീട്ടിലെത്തിയുള്ള സേവനം ലഭ്യമല്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയഫറും ലഭിക്കുന്നില്ല.

അജാനൂർ
678 ഇരകളിൽ 135 പേർ മരിച്ചു. മരുന്നും വാഹന സൗകര്യവുമില്ല.

English Summary:

Endosulfan victims in 11 panchayats in Kerala are reportedly not receiving adequate medical care, including medicine, physiotherapy, and transportation. The District Legal Services Authority has submitted a report to the High Court, detailing the hardship this is causing affected families.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com