മണിക്കൂറുകളോളം തോരാതെ മഴ; വീടുകളിലും കടകളിലും വെള്ളം കയറി
Mail This Article
കാസർകോട് ∙ മണിക്കൂറുകളോളം തോരാതെ പെയ്ത മഴയിൽ ജില്ലയിൽ താഴ്ന്നയിടങ്ങളിൽ വെള്ളം കയറി. ദേശീയപാതയിലും സർവീസ് റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിങ്കളാഴ്ച യെല്ലോ അലർട്ട് എന്നായിരുന്നു തലേന്നു രാത്രി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്നലെ രാവിലെ 10 മുതൽ അതു റെഡ് അലർട്ടായി മാറി. പതിനൊന്നോടെ ജില്ലയിലെ മിക്ക ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. രണ്ടു മണിയോടെ മഴ കനത്തു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ കെ.ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണെന്നും മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്നും അറിയിച്ചു.
ദേശീയപാതയിൽ വെള്ളക്കെട്ട്
മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അൻപതിലേറെ വീടുകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. കുമ്പള, ഷിറിയ എന്നിവിടങ്ങളിലെ ദേശീയപാതകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് വെള്ളം ഒഴുക്കി വിട്ടതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഹൊസങ്കടിയിൽ കനിലയിൽ ആറു വീടുകളും ഉപ്പള ഗേറ്റിനടുത്ത നാൽപതോളം വീടുകളിലും വെള്ളം കയറി. മള്ളംങ്കൈയിൽ ഒരു വീടും കാർ ഷോറൂം നയാബസാറിലെ ടയർ കടകളിലും വെള്ളം കയറിയതായി നാട്ടുകാർ അറിയിച്ചു.
ഉപ്പള ഗേറ്റിനടുത്തുള്ള അബൂബക്കർ സിദ്ദിഖ്, എം.പി.അബ്ദുല്ല, മൂസ പക്രുഞ്ഞി ഹാജി, സക്കരിയ്യ അറബി, മോണു അറബി, ഫാറൂഖ് അന്തുഹാജി, മോണു ഹാജി, മുഹമ്മദ് യൂസഫ്, അബ്ദുല്ല കാപാട്, മൊയ്തീൻ മുക്രി, ഹസീസ്, എം.പി.അബ്ദുറഹ്മാൻ, ഹൊസങ്കടി കനിലയിലെ രാധ, ഭാസ്ക്കര, രാഘവ, മള്ളംങ്കൈയിലെ അദ്ദു എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയാണ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറും നശിച്ചത്. നയാബസാറിലെ ഇബ്രാഹിമിന്റെ ടയർ കടയിലേക്കാണു വെള്ളം കയറിയത്. ഉപ്പള അഗ്നിരക്ഷാ കേന്ദ്രത്തിലും വെള്ളം കയറി.
ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ യാത്ര തടസ്സപ്പെട്ടു. കനത്ത മഴയിൽ കാസർകോട് നുള്ളിപ്പാടിയിൽ സർവീസ് റോഡിൽ സ്വകാര്യ ബസ് തെന്നിമാറി. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. മാങ്ങാട് വയലിൽ വെള്ളം കയറി പച്ചക്കറികൃഷി നശിച്ചു. വെള്ളച്ചി, വിശാലാക്ഷി, നാരായണി, ബാബു, അമ്മിണി, ശ്രീധരൻ, കുഞ്ഞിക്കണ്ണൻ എന്നിവരുടെ പച്ചക്കറി കൃഷികളാണ് നശിച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും
ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിന് പോകാൻ പാടില്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും ഈ ദിവസങ്ങളിൽ നിർത്തണം.
ഭിന്നശേഷികായികമേള മാറ്റി
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റിവച്ചു.
‘കർഷകർക്ക് നഷ്ടപരിഹാരം നൽകണം’
നഗരസഭാ പരിധിയിലെ അരയി മോനാച്ച പ്രദേശങ്ങളിൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പുഴയിൽ മണ്ണിട്ട് ബണ്ട് നിർമിച്ചതിനെ തുടർന്ന് വാഴക്കൃഷി ഇടങ്ങളിൽ വെള്ളം കയറി തൈകൾ നശിച്ച സംഭവത്തിൽ നഷ്ടപരിഹാരം കർഷകർക്ക് നൽകണമെന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎൽഎ ഈ ആവശ്യം ഉന്നയിച്ചത്. വിള നാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫിസറോട് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. 3300 വാഴകൾ നശിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് 2.475 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ അറിയിച്ചു.