ADVERTISEMENT

കാസർകോട് ∙ ആവേശത്തോടെ പെയ്തിറങ്ങിയ മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ടും തിരികെ പോയതിന്റെ ആശ്വാസത്തിൽ ജില്ല. മഞ്ചേശ്വരം താലൂക്കിലെ ദേശീയപാതയോരത്തെ അൻപതിലേറെ വീടുകളിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസത്തെ മഴ വൻനാശം വിതച്ചത്. ദേശീയപാതയിൽ നിർമാണ പ്രവൃത്തി ഏറെ പൂർത്തിയായ പലയിടങ്ങളിലും വെള്ളക്കെട്ടായിരുന്നു. മടിക്കേയി എരിക്കുളം, പനത്തടി, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലും പച്ചക്കറി അടക്കമുള്ള കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ദേശീയപാതയിൽ പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും കനത്ത മഴയായിരുന്നു. ഇന്നലെ ഉച്ചയോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി കയറിയ വെള്ളം ഇറങ്ങി. ചെളിയും മാലിന്യങ്ങളും കുമിഞ്ഞു കൂടിയത് വൃത്തിയാക്കി. ഏറെ വീടുകളിലെയും ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിരുന്നു. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസം  കനത്ത മഴയിൽ ഹൊസങ്കഡിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.
കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഹൊസങ്കഡിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.

ഓവുചാലുണ്ട്; വെള്ളമൊഴുകുന്നത് റോഡിലൂടെ
ഉപ്പള∙ ദേശീയപാതയോരത്തെ ഒട്ടേറെ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വൻ സാമ്പത്തികനഷ്ടമാണ് ഓവുചാൽ വരുത്തിയത്. ഇതിലൂടെ പോകേണ്ട വെള്ളം ഇതിനു പുറത്തുകൂടിയാണ് ഒഴുകുന്നത്. ഈ വെള്ളം ഒഴുകിയാണ് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുന്നത്.ഓവുചാലിലേക്ക് വെള്ളം പോകാനുള്ള വഴിയില്ലെന്നാണു നാട്ടുകാരുടെ പരാതി. ചെറിയ ദ്വാരമാണുള്ളത്. ശക്തമായ മഴയിൽ ഇതു മറികടന്നാണു വെള്ളം ഒഴുകുന്നത്. പല ദ്വാരങ്ങളും അടഞ്ഞിരിക്കുകയാണ്. ഇതോടെയാണ് സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകി എത്തിയത്. പല വീടുകളുടെയും എല്ലാം മുറികളിലും ചെളി വെള്ളം ഒഴുകിഎത്തിയിരുന്നു. പുതിയതായി നിർമിച്ച ഓവുചാലാണ് ദുരിതം എന്നാണു നാട്ടുകാരുടെ പരാതി. 

മിന്നലിൽ വീടിന്റെ ചുമരുകളിൽ ‍നാശം  
ഹൊസങ്കടി∙  മിന്നലിൽ വീടിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. പൊസോട്ട് പാലത്തിന് സമീപത്തെ. ബി.എം.മുഹമ്മദിന്റെ വീടിനാണ് മിന്നലേറ്റത്. ഫ്രിജ്, ഫാൻ, സ്വിച്ച്ബോർഡ് തുടങ്ങിയവ കത്തിനശിച്ചു. വീടിന്റെ  പല ഭാഗത്തായി ചുമരുകളിൽ വിള്ളലുണ്ട്. സംഭവസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഉദുമ പടിഞ്ഞാർ കൊപ്പലിൽ ചിരുതയുടെ  വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞപ്പോൾ.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഉദുമ പടിഞ്ഞാർ കൊപ്പലിൽ ചിരുതയുടെ  വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞപ്പോൾ.

കിണർ ഇടിഞ്ഞുതാണു
ഉദുമ∙ അതിതീവ്ര മഴയിൽ ഉദുമ പടിഞ്ഞാർ കൊപ്പലിൽ കിണർ ഇടിഞ്ഞുതാണു. നാലു വീട്ടുകാരുടെ ആശ്രയമായിരുന്നു ഈ കിണർ. കൊപ്പലിലെ കെ.കെ.ഹൗസിൽ പരേതനായ കണ്ണന്റെ ഭാര്യ ചിരുതയുടെ  വീട്ടുപറമ്പിലുള്ള കിണറാണിത്. തൊട്ടുള്ള അവരുടെ ബന്ധുക്കളായ രാജൻ, കൃഷ്ണൻ, കോരൻ എന്നിവർ  വർഷങ്ങളായി ഈ കിണറിലെ  വെള്ളമാണ് ഉപയോഗിച്ചു വരുന്നത്. എല്ലാവർക്കും  പ്രത്യേകം പമ്പുകളും ഉണ്ടായിരുന്നു. അതിൽ രണ്ടെണ്ണം കിണറിനോടൊപ്പം നഷ്ടമായി. തൊട്ടു ചേർന്നുള്ള 2 വീടിനും ഭീഷണിയായതിനെ  തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കിണർ മണൽ നിറച്ച് മൂടി.  ഉദുമ വില്ലേജ് ഓഫിസർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ലക്ഷ്മി, സെക്രട്ടറി കിരൺ ചന്ദ്, അസിസ്റ്റന്റ് എൻജിനീയർ ഉമേശ്, വില്ലേജ് ഓഫിസർ എ.വത്സല, ബേക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വൻ നാശം
മംഗളൂരു ∙ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം പെയ്ത മഴയിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പല ഇടങ്ങളിൽ വെള്ളം കയറി. മംഗളൂരുവിലെ കൊട്ടാര ചൗക്കി, പിവിഎസ് സർക്കിൾ, പമ്പ്‌വെൽ, ബജ്ജോഡി, ബജാൽ അണ്ടർപാസ്, പടീൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. പല ഇടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കനത്ത മഴയി‍ൽ ഉള്ളാളിലെ വീടിന് കേടുപാടുകൾ സംഭവിച്ചു. പല വീടുകളുടെയും സംരക്ഷണ ഭിത്തികൾ തകർന്നു. ബൊളിയാറിൽ കുന്നിടിഞ്ഞ് വീണും വീടിന് കേടുപാടുകൾ പറ്റി. ഇന്നലെ പുലർച്ചയോടെ പെയ്ത മഴയിലാണ് വീട് തകർന്നത്. ആളപായം ഇല്ല. വെള്ളം കയറിയതോടെ തൊക്കോട്ടിലെ മരമില്ലിനും കേടുപാടുകൾ സംഭവിച്ചു. ഉഡുപ്പിയിൽ ബൈന്ദൂർ, കുന്ദാപുര, ഹാലാഡി, ഹെബ്രി, കാർക്കള, കോട്ട, സാലിഗ്രാമ, ഉപ്പൂർ, ബ്രഹ്മവാർ, ഹിരിയഡ്ക, കാപ്പു, പടുബിദ്രി മേഖലകളിൽ കനത്ത മഴ പെയ്തു. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഡിസംബർ 6 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ബീച്ചുകളിലെ സന്ദർശനം ഒഴിവാക്കണം എന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കനത്ത മഴയിൽ  തകർന്ന അ‍ഡുക്ക – വളാക്ക – ഇച്ചിലങ്കോട് റോഡ്.
കനത്ത മഴയിൽ തകർന്ന അ‍ഡുക്ക – വളാക്ക – ഇച്ചിലങ്കോട് റോഡ്.

അ‍ഡുക്ക– വളാക്ക–ഇച്ചിലങ്കോട് റോഡ് തകർന്നു
ഉപ്പള∙ ശക്തമായ മഴയിൽ  അ‍ഡുക്ക– വളാക്ക–ഇച്ചിലങ്കോട് റോഡ് തകർന്നു. ഇതോടെ ഇതിലൂടെ ഗതാഗതം സ്തംഭിച്ചു. സുബാന മസ്ജിദിനടുത്തെ അണക്കെട്ടിനടുത്തുള്ള ഭാഗത്തെ റോഡ് ആണ് തകർന്നത്.ഇച്ചിലംങ്കോട് – ഷിറിയ പുഴ ഒഴുകുന്നത് ഈ റോഡിനോടു ചേർന്നാണ്. ഇതിന്റെ ഒരു ഭാഗമാണ് തകർന്നത്. ഇതു തകർന്നതോടെ വാഹനങ്ങൾക്കു പോകാൻ സാധിക്കുന്നില്ല. കാൽനട പോലും പ്രയാസത്തിലാണെന്നു നാട്ടുകാർ അറിയിച്ചു.

English Summary:

Floodwaters have receded in Kasargod district, providing relief after heavy rainfall caused significant damage. Houses, businesses, and crops in Manjeshwaram taluk were particularly affected, with traffic disruption on the national highway also reported.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com