അപ്രതീക്ഷിത മഴയിൽ ജീവിതവും വെള്ളത്തിൽ; ദുരിതത്തിലായി നെൽകർഷകൻ
Mail This Article
സീതാംഗോളി ∙ അപ്രതീക്ഷിത മഴയെത്തിയതിൽ ദുരിതത്തിലായി നെൽകർഷകൻ. നെല്ല് കൊയ്തെടുത്തിട്ടും പുല്ല് നീക്കാനായില്ല. നെല്ലും പുല്ലും വിൽപന നടത്തിയാലാണു നെൽകൃഷിയിൽ നേട്ടമുണ്ടാവുന്നത്. പുല്ല് വെള്ളത്തിലായതോടെ ആശങ്കയിരിക്കുകയാണ് കർഷകൻ. സർക്കാരിന്റെ 2 ലക്ഷം രൂപയുടെ കാർഷിക അവാർഡ് ലഭിച്ച കർഷകൻ പുത്തിഗെ കണ്ണൂർ ബളക്കിലയിലെ ശിവാനന്ദ പൂജാരിയുടെ പുല്ലുകളാണു നനഞ്ഞത്. 75000 രൂപയുടെ പുല്ലാണു വിൽപന ചെയ്യേണ്ടിയിരുന്നത്. 15 ഏക്കറിലാണു നെൽക്കൃഷിയുള്ളത്.
പ്രതീക്ഷിക്കാതെ ഇന്നലെ അതിശക്തമായ മഴ പെയ്തതോടെ നെല്ല് കൊയ്തെടുത്തു ബാക്കിയായ പുല്ല് മാറ്റാനാവാതെ ശിവാനന്ദൻ ദുരിതത്തിലായി. വർഷങ്ങളായി നെല്ല് സപ്ലൈകോയിലാണു നൽകുന്നത്. ബാക്കി വരുന്ന പുല്ല് വിൽപന നടത്തിയാണു ശിവാനന്ദനു കൃഷി നഷ്ടമില്ലാതെ കൊണ്ടുപോകുന്നത്. യന്ത്രം ഉപയോഗിച്ചാണ് പുല്ല് വലിയകെട്ടുകളാക്കി വിൽപന നടത്തുന്നത്. കാലി തീറ്റയ്ക്കാണ് ഇത് കൊണ്ടു പോകുന്നത്. ക്ഷീര കർഷകർ ഇതു വാങ്ങും. ഒരു വർഷത്തേക്കു പശുക്കൾക്കു കരുതിവയ്ക്കുന്നു. ഉണങ്ങിയ പുല്ലാണെങ്കിൽ മാത്രമേ വിൽപന നടത്താനാവൂ. ഡിസംബറിൽ മഴപെയ്യില്ലെന്നു കരുതിയിരിക്കുമ്പേഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.