വിശ്വസിച്ചു തുടങ്ങിയ അടയ്ക്കക്കൃഷി കൈവിട്ടു; പിന്നാലെ ജാതിക്കക്കൃഷിയിൽ പരീക്ഷണവുമായി ഭാസ്കരൻ നായർ
Mail This Article
സുള്ള്യ ∙ വിശ്വസിച്ചു തുടങ്ങിയ അടയ്ക്കക്കൃഷി കൈവിട്ടപ്പോൾ സുഗന്ധവ്യഞ്ജന വിളയായ ജാതിക്കക്കൃഷിയിൽ വിശ്വാസം അർപ്പിച്ചു പരീക്ഷണം നടത്തുകയാണു സുള്ള്യ അറംബൂരിലെ മധുവന ഭാസ്കരൻ നായർ. മഞ്ഞളിപ്പ് രോഗം, ഇലപ്പുള്ളി രോഗം എന്നിവ മൂലം അടയ്ക്കക്കൃഷി വ്യാപകമായി നശിച്ചു. ഉൽപാദനം കുറഞ്ഞു. ഇതിനു പകരമായാണു ഭാസ്കരൻ നായർ കമുക്, തെങ്ങ് തോട്ടങ്ങളിൽ ഇടവിളയായി ജാതിക്ക കൃഷിചെയ്തു തുടങ്ങിയത്. തന്റെ കമുകിൻ തോട്ടത്തിൽ നൂറിലധികം ജാതിക്കത്തൈകളാണു നട്ടത്.
നല്ല വില ലഭിക്കുന്നതും, കുറഞ്ഞ ഉൽപാദന ചെലവും ജാതിക്ക കൃഷിയിൽ പ്രതീക്ഷ നൽകുന്നുവെന്ന് ഭാസ്കരൻ നായർ പറയുന്നു. ഇത്തവണ ജാതിക്ക വിറ്റപ്പോൾ സുള്ള്യ മാർക്കറ്റിൽ കിലോയ്ക്ക് 250, ജാതിപത്രി കിലോയ്ക്ക് 1500 രൂപ എന്നിങ്ങനെ വില ലഭിച്ചുവെന്നും ഭാസ്കരൻ പറയുന്നു. കോട്ടയത്തെ നഴ്സറിയിൽ നിന്നു നല്ലയിനം ജാതിത്തൈകൾ കൊണ്ടുവന്നാണു അദ്ദേഹം കൃഷി തുടങ്ങിയത്. നല്ല പരിപാലനവും നൽകിയപ്പോൾ തൈകൾ നന്നായി വളർന്ന് മൂന്നാം വർഷത്തിൽ തന്നെ കായ്ച്ചു തുടങ്ങി.
കാസർകോട് പനയാലിൽ നിന്നും സുള്ള്യയിലേക്കു കുടിയേറിയതാണു ഭാസ്കരൻ നായരുടെ കുടുംബം. തന്റെ 5 ഏക്കർ കൃഷിയിടത്തിൽ അടയ്ക്ക, കുരുമുളക്, റബർ, തെങ്ങ് എന്നീ പ്രധാന കൃഷികൾക്കൊപ്പം കൊക്കോ, ജാതിക്ക, വനില എന്നീ ഇടവിളകളും അദ്ദേഹം കൃഷി ചെയ്യുന്നു. ജാതിക്കയ്ക്ക് കുരങ്ങ്, ആന എന്നീ വന്യമൃഗങ്ങളുടെ ശല്യവും കുറവാണെന്ന് അദ്ദേഹം പറയുന്നു. കൃഷിക്കു സഹായമായി ഭാര്യ ദാക്ഷായണിയും ഒപ്പമുണ്ട്.