നന്ദി, അമ്പലത്തറയുടെ നാടകസ്നേഹത്തിന്; ആറു ദിവസങ്ങളിലായി നടന്ന നാടകോത്സവം സമാപിച്ചു
Mail This Article
അമ്പലത്തറ ∙ നാടകത്തെ നെഞ്ചോടുചേർത്ത അമ്പലത്തറയിൽ ആറു രാത്രികളിലായി നടന്ന നാടകോത്സവം സമാപിച്ചു. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടകോത്സവത്തിനു പെരിയ നാടകവേദിയുടെ ‘ഒരു വെയിൽകാലത്ത്’ എന്ന നാടകാവതരണത്തോടെയായിരുന്നു സമാപനം. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചാണു സമാപനദിനത്തിലും നാടകം കാണാൻ ജനം ഒഴുകിയെത്തിയത്. ഓരോ ദിവസവും ശരാശരി ആയിരത്തിയിരൂന്നൂറിലധികം പേരാണു നാടകം കാണാനെത്തിയത്.
അവധിദിവസങ്ങളിൽ നാടകം കാണാനെത്തിയവരെ ഉൾക്കൊള്ളാനാവാതെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. അവതരിപ്പിക്കപ്പെട്ട നാടകങ്ങളെ വിലയിരുത്തിക്കൊണ്ട് ഓരോ ദിവസം നടത്തിയ ഓപ്പൺ ഫോറത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ നാടകത്തെ ഗൗരവത്തോടെ സമീപിക്കുന്ന പ്രേക്ഷകരെയും എടുത്തുകാട്ടി. രചനയും സംവിധാനവും മാത്രമല്ല, കഥാപാത്രങ്ങളുടെ പ്രാധാന്യം, അഭിനേതാക്കളുടെ പ്രകടനം, സാങ്കേതികമികവ്, ദീപനിയന്ത്രണം എന്നിവയെല്ലാം ഓപ്പൺ ഫോറത്തിൽ വിലയിരുത്തപ്പെട്ടു. വിവിധ ദിവസങ്ങളിൽ നടന്ന ഓപ്പൺ ഫോറം രതീഷ് അമ്പലത്തറ, രാജേന്ദ്രൻ മീങ്ങോത്ത്, വേണുഗോപാൽ ചുണ്ണംകുളം, ബാലഗോപാലൻ കക്കാണത്ത്, സന്ധ്യ കലിഗ എന്നിവർ നേതൃത്വം നൽകി.
നാടക ഗാനാലാപനം, കൊടവലം ചിലമ്പ് നാടൻ കലാകേന്ദ്രത്തിന്റെ അലാമിക്കളി, വേങ്ങച്ചേരി ഗോത്രകലാസംഘത്തിന്റെ ഗോത്രനൃത്തം, സനൽ പാടിക്കാനവും ഡോ. എം.ശരത്തും ചേർന്നു നടത്തിയ പാട്ട് പറച്ചിൽ, മെന്റലിസം, ബിതിയാൽ- അമ്പലത്തറ പ്രദേശത്തെ കലാകാരികളുടെ ഫ്യൂഷൻ ഡാൻസ്, സി.എം.രാജു അവതരിപ്പിച്ച ഗിറ്റാർ സോളോ പ്രകടനം എന്നിവയും അരങ്ങേറി. നാടക സംഘത്തെ അനുഗമിച്ചെത്തിയ സംവിധായകൻ രാജേഷ് ഇരുളത്തെ ചടങ്ങിൽ ആദരിച്ചു.