ലോറിയിടിച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിനി അതേ ലോറികയറി മരിച്ചു
Mail This Article
ചെറുവത്തൂർ ∙ സഹോദരൻ ഓടിച്ച ബൈക്കിന്റെ പിറകിലിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ് ലോറി കയറി മരിച്ചു. ദേശീയപാതയിൽ പിലിക്കോട് തോട്ടം ഗേറ്റിനു സമീപത്തുവച്ച് ലോറിയിടിച്ച് ബൈക്കിൽ നിന്നു തെറിച്ചുവീണ പി.പി.ഫാത്തിമത്ത് റഹീസയാണ് (22) അതേ ലോറി ദേഹത്തു കയറി മരിച്ചത്. തൃക്കരിപ്പൂർ രാജീവ്ഗാന്ധി ഫാർമസി കോളജിലെ വിദ്യാർഥിനിയാണ്.
ബൈക്കോടിച്ച സഹോദരൻ ഫൈസൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായർ രാത്രി പത്തരയോടെയാണ് അപകടം. പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത് തൃക്കരിപ്പൂരിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. പയ്യന്നൂരിൽനിന്നു നീലേശ്വരം ഭാഗത്തേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ലോറിയിടിച്ച് റോഡിലേക്ക് വീണ റഹീസയുടെ ദേഹത്തുകൂടി ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. പിതാവ്: എം.ടി.അബ്ദുൽ റഹ്മാൻ, മാതാവ്: പി.പി.അഫ്സത്ത്. മറ്റു സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഷഫീഖ്, ഷുഹൈബ് (മൂവരും ദുബായ്), അഫ്സൽ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിഹാസ് (മംഗളൂരു), ഫഹദ്.