ബദിയടുക്ക പഞ്ചായത്ത് ഓട്ടോകൾക്ക് പഞ്ചായത്ത് റജിസ്ട്രേഷൻ നിർബന്ധമാക്കും
Mail This Article
ബദിയടുക്ക ∙ പഞ്ചായത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾക്ക് പഞ്ചായത്ത് റജിസ്ട്രേഷൻ നിർബന്ധമാക്കും. 5 ഇടങ്ങളിൽ നടപ്പിലാക്കും. ടൗണുകളിൽ കൃത്യമായ പാർക്കിങ് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പഞ്ചായത്തിൽ റജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. റജിസ്ട്രേഷൻ നടപ്പിലാക്കുന്നതോടെ അനധികൃതമായി പാർക്കിങ്ങും സ്ഥിരമായി സ്റ്റാൻഡിലെത്താത്തതുമായ ഓട്ടോകളെ കണ്ടെത്താനും പഞ്ചായത്തിന്റെ അനുമതിയുള്ള ഓട്ടോറിക്ഷകൾക്കും ഓട്ടോ സ്റ്റാൻഡിലെത്താനാവും. ബദിയടുക്ക ബസ് സ്റ്റാൻഡ് റോഡ്, മീത്തൽബസാർ, പള്ളത്തടുക്ക, നീർച്ചാൽ, ഉക്കിനടുക്ക എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്.
നിലവിൽ ബദിയടുക്ക പഞ്ചായത്തിൽ ബദിയടുക്ക ടൗണിൽ മാത്രമായി 150ഓളം ഓട്ടോറിക്ഷകളുണ്ട്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ വീതി കൂടിയതോടെ ഓട്ടോറിക്ഷകൾ റോഡിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്.ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു വരി പാതയുടെ ഇരു പുറത്തും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ ഓട്ടോയുടെ വരികൾക്കിടയിൽ കൂടി അകത്ത് കടക്കേണ്ട സ്ഥിതിയാണുള്ളത്.
ദീർഘ സമയം പാർക്ക് ചെയ്യാനും പറ്റില്ല. ബദിയടുക്കയിൽ മീത്തൽ ബസാർ മുതൽ പൊലീസ് സ്റ്റേഷൻവരെയുള്ള ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം സ്വകാര്യ വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. വ്യാപാര സ്ഥലത്തേക്ക് കയറാൻ പറ്റാത്തതിനാൽ ഒരു കിലോമീറ്ററോളം ദൂരം നിർത്തിയാണ് ആളുകളെത്തുന്നത്. നിലവിലുള്ള സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പഞ്ചായത്ത്,ആർടിഒഅധികൃതർ, പൊലീസ്, വ്യാപാരികൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഓട്ടോ പാർക്കിങ്ങിന് സ്റ്റാൻഡ് കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതേ കെഎസ്ടിപി റോഡിൽ മീത്തൽ നീർച്ചാൽ മുതൽ താഴെയുള്ള ടൗൺ വരെ 5 മാസത്തിനിടയിൽ 30ഓളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
വീതി കൂടിയ റോഡിൽ കൂടി അമിതവേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. കിളിങ്കാർ റോഡിൽ നിന്നും വാഹനങ്ങൾ ഈ റോഡിൽ പ്രവേശിക്കുമ്പോൾ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകൾ മറയാകുന്നത് കാരണം മറുപുറത്ത് നിന്നു വരുന്ന വാഹനങ്ങളെ കാണാത്തതാണ് അപകടത്തിനു കാരണമെന്നാണ് പരാതി. ബസിറങ്ങുന്നവർക്കും സുഗമമായി പോകാൻ പറ്റാത്തതും അപകടത്തിനിടയാക്കുന്നു.ഇവിടെ അപകടമരണവും ഗുരുതരമായി പരുക്കേറ്റവരുമുണ്ട്.