നാടൊരുമിച്ചു പാടുന്നു; ജിംഗിൾ ബെൽസ്...
Mail This Article
ചിറ്റാരിക്കാൽ ∙ ക്രിസ്മസിനെ വരവേൽക്കാൻ മലയോരഗ്രാമങ്ങൾ അണിഞ്ഞൊരുങ്ങുന്നു. പ്രതികൂല കാലാവസ്ഥയും ഉൽപന്നങ്ങളുടെ വിലത്തകർച്ചയും കൊണ്ട് മലയോരത്തെ കാർഷിക മേഖല പ്രതിസന്ധിയിലാണെങ്കിലും ക്രിസ്മസ് രാവുകളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ദൈവപുത്രന്റെ വരവറിയിച്ചു വീടുകളിലും സ്ഥാപനങ്ങളിലും ടൗണുകളിലുമെല്ലാം നക്ഷത്രവിളക്കുകൾ മിഴിതുറന്നു. മലയോരത്തെ മിക്ക ടൗണുകളിലും ക്രിസ്മസ് വിപണികളും സജീവമായി.
നക്ഷത്ര വിളക്കുകൾ മുതൽ പുൽക്കൂടു വരെ..
വിപണികളിൽ നക്ഷത്രവിളക്കുകൾക്കു തന്നെയാണ് എന്നും ഡിമാൻഡ്. കടലാസ് നക്ഷത്രങ്ങൾ മുതൽ കൂറ്റൻ എൽഇഡി ജംബോ നക്ഷത്രങ്ങൾവരെ വിപണിയിലുണ്ട്. ടേബിൾ ടോപ്പ് ക്രിസ്‌മസ് ട്രീ മുതൽ കൂറ്റൻ ബഹുവർണ ട്രീകൾ വരെ വിപണിയിലെ വൈവിധ്യങ്ങളാണ്. നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണു വിപണികളിൽ ഇപ്പോഴും മുൻതൂക്കം. ക്രിസ്മസ് വിപണികൾ പൂർണമായി എൽഇഡി മയമാണിപ്പോൾ.
നൂറിലേറെ ഡിസൈനുകളിൽ മിന്നിമറിയുന്ന എൽഡിഇഡി ജംബോ നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. 10 രൂപ മുതലാണ് കടലാസ് നക്ഷത്രങ്ങളുടെ വില. എൽഇഡി നക്ഷത്രങ്ങൾക്ക് 100 രൂപ മുതലാണ് വില. മെറ്റൽ, ഫൈബർ, പനയോല എന്നിവയിലെല്ലാം ഒരുക്കിയ പുൽക്കൂടുകളും വിപണികളിലുണ്ട്. 10 രൂപയ്ക്കു ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ് അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ ആയിരങ്ങൾ വിലയുള്ളവവരെയുണ്ട്. മുഖംമൂടികൾക്ക് 50 രൂപ മുതലാണു വില. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാമുള്ള സാന്താക്ലോസ് വസ്‌ത്രങ്ങളും തയാറാണ്. 150 രൂപ മുതൽ മുകളിലേക്കാണ് ഇവയുടെ വില. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ക്രിസ്മസ് വിപണിയിൽ വിലക്കയറ്റമില്ലെന്നു വ്യാപാരികൾ പറയുന്നു. ക്രിസ്മസ് അടുക്കുന്നതോടെ കാരൾ സംഘങ്ങളും ഗ്രാമ–നഗരങ്ങളിൽ സജീവമാകും.
കൂറ്റൻ നക്ഷത്രമൊരുക്കി മാലോം
മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കിയ കൂറ്റൻ നക്ഷത്രം കൗതുകമായി. ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 600 ചെറുനക്ഷത്രങ്ങളുടെ അകമ്പടിയോടെയാണ് 60 അടി ഉയരത്തിലും 40 അടി വീതിയിലും നക്ഷത്രം നിർമിച്ചത്. നിർമാണത്തിനായി 3 ക്വിന്റൽ ഇരുമ്പ് പൈപ്പും 3000 സ്‌ക്വയർ ഫീറ്റ് പ്രിന്റ് തുണിയും ഉപയോഗിച്ചു. ഫൊറോനാ വികാരി ഫാ.ജോസഫ് തൈക്കുന്നംപുറം, അസിസ്റ്റന്റ് വികാരി ഫാ.പോൾ മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക കോഓർഡിനേറ്റർ സാനി വി.ജോസഫിന്റെ കരവിരുതിൽ ഒരു ലക്ഷത്തോളം രൂപ ചെലവിട്ട് ഒരാഴ്ചകൊണ്ടാണ് ഈ കൂറ്റൻ നക്ഷത്രം നിർമിച്ചത്.