മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയിൽ തന്നെ; തീരദേശ മേഖല വീണ്ടും പ്രതിസന്ധിയിൽ
Mail This Article
ചെറുവത്തൂർ ∙ കടലിൽ പോയാൽ മത്സ്യം ലഭിക്കുമോ എന്ന ആശങ്കയിൽ വള്ളവുമായി ഇറങ്ങുന്ന മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം വരെ കാത്തിരുന്നത് വല നിറയെ മത്തിയും അയലയുമായിരുന്നു. വള്ളവും മനസ്സും നിറച്ചാണ് കുറച്ച് കാലമായി മത്സ്യത്തൊഴിലാളികൾ കരയിൽ എത്തിയിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് രണ്ടു ദിവസമായി ജില്ലയിലെ ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറങ്ങിയില്ല. ഇന്ന് കടലിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷയും ഇവർക്കില്ല. ഇതോടെ ജില്ലയിലെ തീരദേശ മേഖല വീണ്ടും പ്രതിസന്ധിയിലാകുമെന്ന് ആശങ്ക.ഇവിടെ നിന്ന് മത്സ്യം ലഭിക്കാതെ വന്നതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്ന മീനിന് ഇരട്ടി വിലയായി. രണ്ടു ദിവസം മുൻപ് വലിയ മത്തി കിലോയ്ക്ക് 150 രൂപയും, ചെറുതിനു 50 രൂപയുമായിരുന്നു ചില്ലറ വിൽപന വില. എന്നാൽ ഇന്നലെ വലിയ മത്തിക്ക് 250രൂപയും ചെറിയ മത്തിക്ക് 100രൂപയുമായി വില ഉയർന്നു. അയലയുടെയും വില ഇതുപോലെ ഗണ്യമായി ഉയർന്നിട്ടുണ്ട്.
കടൽ മത്സ്യം ഇല്ലാത്തതിനാൽ പുഴമത്സ്യത്തിനും 50രൂപയോളം കൂടി. ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാൻ കഴിയാത്ത സ്ഥിതി വന്നതോടെ ഈ രംഗത്ത് വിവിധ ജോലികൾ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ വിഷമത്തിലാണ്.കാലാവസ്ഥ ഈ നില ഇനിയും ഇങ്ങനെ തുടർന്നാൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവർക്ക്. കഴിഞ്ഞ രണ്ടു മാസത്തോളമായി വള്ളം നിറയെ മീൻ കിട്ടിയിരുന്നെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ആശ്വസിക്കാൻ വക ഏറെയുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ വൻ ചാകരയായതിനാൽ മത്സ്യവില ഇടിയുകയാണ്. പിടിക്കുന്ന മീനിന്റെ അളവിനൊത്ത വരുമാനമുണ്ടായിരുന്നില്ല. ഇതുകൊണ്ടു തന്നെ നാളെയെക്ക് കരുതലായി വയ്ക്കാൻ തൊഴിലാളികൾക്ക് ഒന്നുമുണ്ടായില്ല. അതിനിടയിലാണ് കാലാവസ്ഥാ വ്യതിയാനം കൊണ്ട് കടലിൽ പോകാൻ കഴിയാത്ത ഈ അവസ്ഥ.