ആഘോഷക്കാലം ലക്ഷ്യമിട്ട് ലഹരിയൊഴുക്ക്; 3 പേർ അറസ്റ്റിൽ
Mail This Article
കാസർകോട് ∙ പുതുവത്സരം ലക്ഷ്യമാക്കി ജില്ലയിലേക്കു വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്നുവെന്ന വിവരത്തെത്തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ നിന്നായി 127.65 ഗ്രാം എംഡിഎംഎയുമായി 3 പേരെ അറസ്റ്റ് ചെയ്തു. 2 സ്കൂട്ടറുകളും 13,300 രൂപയും പിടിച്ചെടുത്തു. മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നു പിടികൂടിയത്. മീഞ്ചയിൽ കല്ലുവെട്ടുക്കുഴിയിലാണു നിന്നാണു 21.76 ഗ്രാം എംഡിഎംഎ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
വിവിധ കേസുകളിലായി കാഞ്ഞങ്ങാട് മുറിയനാവി കല്ലുരാവി വീട്ടിൽ ഷാജഹാൻ(41), മുളിയാർ മാസ്തിക്കൂണ്ട് വീട്ടിൽ അഷ്റഫ് അഹമ്മദ്(അബ്ദുല്ല ഷേഖ് 44), കൊളവയൽ ഇട്ടുമ്മൽ പുതിയപുരയിൽ പി.പി.നിസാമുദീൻ (35) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെ തുടർന്നു ഡിവൈഎസ്പിമാരായ സി.കെ.സുനിൽകുമാർ, ബാബു പെരിങ്ങോത്ത് എന്നിവരുടെ മേൽനോട്ടത്തിലാണു പൊലീസ് സംഘം വ്യാപകമായി പരിശോധന നടത്തിയത്. ഒട്ടേറെ സ്ഥലങ്ങളിൽനിന്നു ലഹരിമരുന്നു ഉപയോഗിക്കുന്നവരെയും പിടികൂടിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.30നു തലപ്പാടിയിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.അനുബ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 72.73 ഗ്രാം എംഡിഎംഎയുമായി നിസാമുദ്ദീനെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായി നൽകിയത്. തുടർന്നു ദേഹപരിശോധന നടത്തിയപ്പോഴാണു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. ജില്ലയിലെ ചെറുകിട വിൽപന സംഘത്തിനു നൽകാനായി എത്തിച്ചതാണു ലഹരിമരുന്നെന്നു പ്രതി മൊഴി നൽകിയതായും ഇയാൾക്കെതിരെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ ലഹരിക്കടത്ത് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ രതീഷ് ഗോപി, കെ.ആർ.ഉമേഷ്, എഎസ്ഐ അതുൽറാം, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.രാജേഷ്കുമാർ, സിവിൽ ഓഫിസർ അബ്ദുൽസലാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
3നു രാത്രി 11 നാണു മുറിയനാവിയിൽ ഷാജഹാനെ 2.940 ഗ്രാം എംഡിഎംഎയുമായി ഹൊസ്ദുർഗ് എസ്ഐ കെ.അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ സ്കൂട്ടറിൽ കറങ്ങുന്നതിനിടെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. എഎസ്ഐ ഇ.രമേശൻ, പ്രശോഭ് കുര്യൻ, വിപിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാനഗർ പാറക്കട്ട റോഡ് ജംക‍്ഷനിൽ കാസർകോട് എസ്ഐ എം.പി.പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വാഹനപരിശോധനയ്ക്കിടെയാണു സ്കൂട്ടറിൽ കടത്തുകയായിരുന്ന 30.22 ഗ്രാം എംഡിഎംഎയുമായി അഷ്റഫ് അഹമ്മദിനെ പിടികൂടിയത്.
താൽക്കാലിക റജിസ്ട്രേഷനുള്ള സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന ലഹരിമരുന്നു സൂക്ഷിച്ചിരുന്നത്. ഇയാളിൽനിന്നു ചെറുകിട വിൽപനസംഘത്തിനു ലഹരിമരുന്നു നൽകിയ വകയിൽ ലഭിച്ചതെന്നു സംശയിക്കുന്ന 13,300 രൂപയും പിടിച്ചെടുത്തു. സിവിൽ പൊലീസ് ഓഫിസർമാരായ വി.വി.രാഗേഷ്, ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.എംഡിഎംഎ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്നു മഞ്ചേശ്വരം പൊലീസ് മീഞ്ച ബജ്ജങ്കലയിലെ കല്ലുവെട്ടുക്കുഴിയിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നു കണ്ടെത്തിയത്.