പിടിവിടാതെ മുണ്ടിനീര്; 3 ദിവസത്തിനിടെ കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 112 പേർക്ക്
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പിടിവിടാതെ മുണ്ടിനീര്(മംപ്സ്) വ്യാപിപ്പിക്കുന്നു. ഈ മാസം 3 വരെയുള്ള കണക്കനുസരിച്ച് 112 പേർക്കു മുണ്ടിനീര് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം, ഒറ്റ ദിവസം മാത്രം 36 പേരാണു മുണ്ടിനീര് ബാധിച്ചു ചികിത്സ തേടിയത്. സാധാരണ ജനുവരി മുതലുള്ള മാസങ്ങളിലാണു മുണ്ടിനീര് വ്യാപിക്കാറുള്ളത്. ഈ വർഷം മാത്രം 6678 പേർക്കു മുണ്ടിനീര് ബാധിച്ചു. പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് പനിബാധിതരുടെ എണ്ണം കൂട്ടുന്നത്. ഈ മാസം മാത്രം 1255 പേരാണു പനി ബാധിച്ചു ചികിത്സ നേടിയത്. പനി ബാധിച്ചു പ്രതിദിനം 500ലധികം പേർ ഒപിയിലെത്തുന്നുണ്ട്.
മുണ്ടിനീരെന്ന വൈറസ് ആക്രമണം
മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം പാരമിക്സോവെരിഡെ വിഭാഗത്തിലെ മംപ്സ് വൈറസ് മൂലമാണുണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണു ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധയുണ്ടായശേഷം ഉമിനീർ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് 7 ദിവസം മുൻപും വീക്കം കണ്ടു തുടങ്ങിയതിന് 7 ദിവസം വരെയുമാണു സാധാരണയായി പകരുന്നത്. എന്നാൽ ഉമിനീർ ഗ്രന്ഥി വീക്കം കണ്ടുതുടങ്ങിയതിന് ഒന്നോ രണ്ടോ ദിവസം മുൻപോ വന്നതിനു ശേഷം അഞ്ചു ദിവസത്തിനകമോ പകർച്ച സാധ്യത കൂടുതലാണ്.
പ്രധാന ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയുമാണു പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവുമാണു മറ്റു ലക്ഷണങ്ങൾ. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്കു ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചേക്കാം. അതിനാൽ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നൽകുന്നതിനും വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.
തലച്ചോറിനെയും ബാധിച്ചേക്കാം
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണു പകരുന്നത്. പ്രത്യേകശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യതയുണ്ടാകുന്നതിനു സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇതു മരണകാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കുമെന്നതിനാൽ മുണ്ടിനീര് പകരുന്നതു നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
ഗുരുതരമാകുക മുതിർന്നവരിൽ
5–9 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നതു മുതിർന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണു പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇതു മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും.