പുലിപ്പേടി; ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം
Mail This Article
പരപ്പ∙ മാളൂർകയം, മുണ്ടത്തടം, പള്ളത്തുമല, വീട്ടിയോടി പ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസത്തോളമായി , പുലിയുടെ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി. കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസർ കെ.രാഹുലിന്റെ നേതൃത്വത്തിലാണു വനപാലകരെത്തിയത്. രണ്ടു ദിവസം മുൻപ് പ്രദേശത്തെ ആടിനെ ഏതോ ജീവി കടിച്ചുകൊന്നതാണു നാട്ടുകാരെ ഭീതിയിലാക്കിയത്. ഓട്ടോഡ്രൈവർ പുലിയെ കണ്ടതായി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പള്ളത്തുമലയിലെ വാളാംപള്ളി എന്ന സ്ഥലത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പുലിയെ കണ്ട ഇടങ്ങളിൽനിന്നു വനപാലകർ സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കി. ക്യാമറകൾ സ്ഥാപിക്കാനും, എല്ലാ ദിവസവും മരുതോം സെക്‌ഷൻ ഓഫിസിലെ ജീവനക്കാരെത്തി പരിശോധിക്കാനും തീരുമാനമായി. സിപിഎം പരപ്പ ലോക്കൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് അധികൃതരെത്തിയത്. മരുതോം സെക്‌ഷൻ ഓഫിസർ ആർ.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബി.ഭവിത്ത്, കെ.മീര, റിസർവ് ഫോറസ്റ്റ് വാച്ച്മാൻ പി.വി.സുരേന്ദ്രൻ എന്നിവരോടൊപ്പം സിപിഎം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജുവും ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനോദ് പന്നിത്തടം, ടി.പി.തങ്കച്ചൻ , വി. ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.