5 ദിവസത്തിനിടെ പുലിയിറങ്ങിയത് രണ്ട് പ്രാവശ്യം; ഇങ്ങനെ ഭയന്ന് എത്രനാൾ?
Mail This Article
കാറഡുക്ക ∙ ‘രാത്രിയാകുമ്പോൾ പേടിയാണ്. പുലി വീട്ടുമുറ്റത്തേക്കു വരെയെത്തി. നേരം ഇരുട്ടുമ്പോൾ കുട്ടികളെ വീട്ടിനുള്ളിലാക്കി വാതിലടച്ചു കുറ്റിയിടുകയാണ്. മകൻ ജോലി കഴിഞ്ഞു തിരിച്ചെത്തുന്നതു വരെ സമാധാനമില്ല. എത്രകാലം ഇങ്ങനെ പേടിച്ചു ജീവിക്കണം. പുലി ഈ ഭാഗങ്ങളിൽ തന്നെയുണ്ടെന്നു തീർച്ചയാണ്’– പുലിയുടെ കാൽപാടുകൾ കണ്ട ഭാഗത്തേക്കു വിരൽ ചൂണ്ടി അടുക്കത്തൊട്ടിയിലെ എ.പത്മിനി ഇങ്ങനെ പറയുമ്പോൾ മനസ്സിനുള്ളിലെ ഭീതി മുഖത്തും കാണാം. 5 ദിവസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണു അടുക്കത്തൊട്ടിയിൽ ഇവരുടെ വീടിനു സമീപം പുലിയിറങ്ങുന്നത്. ഇന്നലെ രാവിലെ വീടിനു മുൻപിലെ തെങ്ങിൻ തോട്ടത്തിലാണ് പുലിയുടെ കാൽപാടുകൾ കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച പുലി മുള്ളൻ പന്നിയെ കൊന്നിട്ടതിന്റെ തൊട്ടടുത്താണു ഇന്നലെ കാൽപാടുകൾ കണ്ടത്.
തിങ്കളാഴ്ച മുള്ളൻ പന്നിയുടെ ജഡം കണ്ടെത്തിയതിനു പിന്നാലെ ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും അതിൽ പുലിയുടെ ചിത്രങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നാട്ടുകാർ അതു വിശ്വസിച്ചിട്ടില്ല. ഇതിനു മുൻപു 2 തവണ അടുക്കത്തൊട്ടിയിൽ പുലിയെ കണ്ടിരുന്നു. ഇതു തുടർച്ചയായതോടെ നാട്ടുകാർ ഒന്നടങ്കം ഭീതിയിലാണ്. വനാതിർത്തിയോടു ചേർന്ന സ്ഥലമാണ് അടുക്കത്തൊട്ടി. പൂവടുക്കയിലെ സംസ്ഥാനാന്തര പാതയിൽ നിന്നു വനത്തിലൂടെയുള്ള റോഡിലൂടെ വേണം ഇവർക്കു പോകാൻ. ഈ റോഡിലും ഒന്നിലേറെ തവണ പുലിയെ കണ്ടിരുന്നു. ക്യാമറ സ്ഥാപിച്ചതല്ലാതെ ഒരു നടപടിയും ഒന്നിലും ഉണ്ടായില്ല. കൂട് സ്ഥാപിച്ചു പുലിയെ പിടികൂടണമെന്ന ആവശ്യം അംഗീകരിക്കാത്തതിലും ഇവർക്കു പ്രതിഷേധമുണ്ട്.
‘നിരന്തരം പുലിയിറങ്ങിയിട്ടും ക്യാമറയിൽ പുലിയുടെ ചിത്രം ലഭിച്ചില്ലെന്നു പറഞ്ഞാണു വനംവകുപ്പ് കൂട് വയ്ക്കാത്തത്. പുലിയെ നേരിൽ കണ്ടിട്ടും കാൽപാടുകൾ തിരിച്ചറിഞ്ഞിട്ടും അതു മുഖവിലയ്ക്കെടുക്കാൻ അധികൃതർ തയാറാകാത്തതു നാട്ടുകാരോടുള്ള വെല്ലുവിളിയാണ്. ഒരു ക്യാമറ മാത്രമാണ് ഇവിടെ വച്ചിട്ടുള്ളത്. അതിന്റെ മുൻപിലൂടെ തന്നെ പുലി പോകണമെന്നു നിർബന്ധമുണ്ടോ. അങ്ങനെയെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം. വനംവകുപ്പ് ഉത്തരവാദിത്തമില്ലാത്തതു പോലെയാണു പെരുമാറുന്നത്’. പത്മിനിയുടെ മകൻ സതീശൻ പറയുന്നു. ഇനിയും വനംവകുപ്പ് നിസ്സംഗത തുടർന്നാൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവർ. പുലിയിറങ്ങിയ സ്ഥലങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജനനി, സ്ഥിരം സമിതി അധ്യക്ഷൻ എം.രത്നാകര, പഞ്ചായത്ത് അംഗം വേണു കുണ്ടാർ എന്നിവർ സന്ദർശിച്ചു.