വിദ്യാനഗറിലെ മാലിന്യക്കൂന; ഒടുവിൽ നീക്കാൻ നടപടി
Mail This Article
കാസർകോട് ∙ വിദ്യാനഗറിൽ 7 മാസമായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂന നീക്കം ചെയ്തു തുടങ്ങി. ഹരിതകർമ സേന നഗരസഭാ പരിധിയിൽ നിന്നു ശേഖരിച്ചു നഗരസഭ മുഖേന ബന്ധപ്പെട്ട ഏജൻസിക്കു കൈമാറിയ 300 ടൺ റിജക്റ്റഡ് വേസ്റ്റാണ് ഇത്. ദിവസവും 20 ടൺ മാലിന്യം വീതം ലോറിയിലാണു നീക്കം ചെയ്യുന്നത്. 700 കിലോമീറ്റർ അകലെ കർണാടകയിൽ ഗുൽബർഗയിൽ സിമന്റ് ഫാക്ടറിക്കു വേണ്ടിയാണു കൊണ്ടുപോകുന്നത്. ഒരു മാസത്തിനുള്ളിൽ പൂർണമായും നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട ഏജൻസി അധികൃതർ പറഞ്ഞു. നഗരസഭാ ഫണ്ട് അനുവദിക്കാത്തതായിരുന്നു മാലിന്യം കെട്ടിക്കിടക്കാൻ ഇടയായത്. മാലിന്യനീക്കം നടത്താൻ നഗരസഭ 30 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഇതിനുള്ള തടസ്സം നീങ്ങിയത്. ഇതിനു സമീപത്തായി സിവിൽ സ്റ്റേഷൻ, വ്യവസായ കേന്ദ്രം, ബഹുനില ഫ്ലാറ്റ്, പെട്രോൾ ബങ്ക്, ഇൻഡസ്ട്രിയൽ ഏരിയ സ്ഥാപനങ്ങൾ എന്നിവയുണ്ട്. ഒരു തീപ്പൊരി വീണാൽ വൻ അപായം ഉണ്ടാകാൻ സാധ്യതയുള്ള നിലയിലാണു മാലിന്യം കെട്ടിക്കിടക്കുന്നത്.
വിദ്യാനഗറിൽ ഹരിതകർമസേന തരംതിരിച്ചു ചാക്കിലാക്കിവച്ചതാണു ഇവിടെ. ഇത് മുഴുവൻ നീക്കിക്കഴിയുന്നതോടെവീടുകളിലും കടകളിലും ഉൾപ്പെടെ ഹരിതകർമസേന മുഖേനയുള്ള മാലിന്യ നീക്കത്തിനു വേഗം കൂടും. വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിച്ച മാലിന്യം പല ഇടങ്ങളിലായി കെട്ടിവച്ചിട്ടുണ്ട്. അത് വിദ്യാനഗറിലെ തരംതിരിവ് കേന്ദ്രത്തിൽ എത്തിക്കും. തരംതിരിക്കാൻ ഹരിതകർമസേനയുടെ 10 അംഗങ്ങളുണ്ട്. മാലിന്യം ശേഖരിക്കാൻ 40 പേരും. 2 പേർ അടങ്ങിയ ഹരിതകർമ സേന ടീം ദിവസവും 40 വീടുകളോ സ്ഥാപനങ്ങളോ സന്ദർശിച്ച് യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കണമെന്നാണു നിർദേശം.