ഇതു പുനരധിവാസ കേന്ദ്രമോ തെറപ്പി സെന്ററോ?
Mail This Article
ബോവിക്കാനം ∙ ഇതു പുനരധിവാസ കേന്ദ്രമോ തെറപ്പി സെന്ററോ? മുളിയാർ മുതലപ്പാറയിൽ ആരംഭിച്ച എൻഡോസൾഫാൻ ദുരിതബാധിത പുനരധിവാസ കേന്ദ്രത്തിലെത്തുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന ചോദ്യമാണിത്. രാജ്യത്തിനുതന്നെ മാതൃകയാകുന്ന പുനരധിവാസകേന്ദ്രം എന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച എൻഡോസൾഫാൻ ദുരിതബാധിത പുനരധിവാസ ഗ്രാമം–സഹജീവനം സ്നേഹഗ്രാമത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 9 മാസം പിന്നിടുമ്പോൾ വെറും തെറപ്പി സെന്റർ മാത്രമാണിത്. സ്പീച്ച്, ഫിസിയോ, ഡവലപ്മെന്റൽ, സൈക്കോ തെറപ്പികൾ മാത്രമാണ് ഇവിടെ നൽകുന്നത്. ഇതിനു പുറമെ സ്പെഷൽ എജ്യുക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെയും സേവനങ്ങൾ ഉണ്ടെങ്കിലും പുനരധിവാസം എന്ന വാക്കിന്റെ ഏഴയലത്തുള്ള സേവനങ്ങൾ ഇവിടെ ലഭ്യമല്ല.
ബഡ്സ് സ്കൂളുകളിലും എംസിആർസികളിലും ലഭിക്കേണ്ട സേവനങ്ങൾ മാത്രമാണിവിടെ നൽകുന്നത്. പരിചരിക്കാൻ ആളുകളില്ലാത്തതും മാതാപിതാക്കൾ നഷ്ടപ്പെട്ടതുമായ എൻഡോസൾഫാൻ ദുരിതബാധിതരെ ഇവിടെ താമസിപ്പിക്കുന്നതടക്കമുള്ള സമ്പൂർണ പുനരധിവാസം എന്നതായിരിന്നു പദ്ധതി തയാറാക്കുമ്പോഴുള്ള സർക്കാരിന്റെ കാഴ്ചപ്പാട്. എന്നാൽ പദ്ധതിക്കു തറക്കല്ലിട്ട് 4 വർഷം പിന്നിടുമ്പോൾ പുനരധിവാസം എന്ന വാക്കു തന്നെ അധികൃതർ മറന്നതു പോലെയാണു കാര്യങ്ങൾ.
പ്ലാന്റേഷൻ കോർപറേഷനിൽനിന്ന് ഏറ്റെടുത്ത 25 ഏക്കർ ഭൂമിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പുനരധിവാസ ഗ്രാമം ഒരുക്കാനാണ് 2014–15ൽ സംസ്ഥാന സർക്കാർ പദ്ധതിയിട്ടത്. 58 കോടി രൂപയാണ് ഇതിന് അന്നു ചെലവു കണക്കാക്കിയത്. എന്നാൽ ഇതുവരെ അനുവദിച്ചത് 4.15 കോടി രൂപ മാത്രം. അതും കാസർകോട് വികസന പാക്കേജിൽനിന്ന്. അതുപയോഗിച്ചാണ് ആദ്യഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കും ഹൈഡ്രോ തെറപ്പി ബ്ലോക്കും നിർമിച്ചു പ്രവർത്തനം തുടങ്ങിയത്.
ഇതിൽ തന്നെ ഹൈഡ്രോ തെറപ്പി ബ്ലോക്കിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. 5 ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും രണ്ടാംഘട്ട നിർമാണത്തിനുള്ള പണം പോലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ, കഴിഞ്ഞ ഫെബ്രുവരി 29ന് അടുത്ത ഘട്ടത്തിനുള്ള ഫണ്ട് ഉടനെ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമായില്ല. രണ്ടാം ഘട്ടത്തിൽ എന്തൊക്കെയാണു നിർമിക്കേണ്ടതെന്നു പോലും തീരുമാനമായിട്ടില്ല. നിപ്മർ, നിഷ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ പ്രതിനിധികളും കലക്ടറും യോഗം ചേർന്നു തീരുമാനിക്കാനാണു സർക്കാർ നിർദേശിച്ചതെങ്കിലും ഈ യോഗവും ചേർന്നിട്ടില്ല. വെറും തെറപ്പി സെന്റർ മാത്രമായി ഒതുക്കാതെ മാതൃകാ പുനരധിവാസ കേന്ദ്രമായി മാറ്റിയെടുക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നാണു ദുരിത ബാധിതരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആവശ്യം.
തെറപ്പികൾക്ക് എത്തുന്നത് 34 പേർ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു തെറപ്പികൾക്കായി ഇപ്പോൾ 34 കുട്ടികളാണ് ഇവിടെയെത്തുന്നത്. ഡോക്ടറുടെ സേവനമില്ലാത്തതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിലെ ജീവനക്കാർക്കു കൃത്യമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. 2 മാസമായി ശമ്പളം കുടിശികയാണ്. സംസ്ഥാനാന്തരപാതയിൽനിന്ന് അര കിലോമീറ്റർ അകലെയാണ് ഈ സ്ഥലം നിൽക്കുന്നത്. ബോവിക്കാനത്തുനിന്ന് ഓട്ടോറിക്ഷയ്ക്ക് 50 രൂപ നൽകണം. അതിനുപകരം വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. ജനറേറ്റർ ഇല്ലാത്തതിനാൽ, വൈദ്യുതി നിലയ്ക്കുമ്പോൾ രോഗികൾക്കു തെറപ്പികൾ തടസ്സപ്പെടുന്നതും പ്രശ്നമാകുന്നു.