കണ്ടെയ്നർ ലോറിയിടിച്ച് ചന്ദ്രഗിരി ജംക്ഷനിലെ സിസിടിവി സംവിധാനം തകർന്നു
Mail This Article
കാസർകോട്∙ കണ്ടെയ്നർ ലോറിയിടിച്ച് ചന്ദ്രഗിരി ജംക‍്ഷനിൽ പൊലീസ് സ്ഥാപിച്ച സിസിടിവി സംവിധാനം തകർന്നു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ലോറിയെ മഞ്ചേശ്വരത്ത് നിന്നു പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ലോറിയിടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് പൊലീസ് ലോറിയെ പിൻതുടർന്നു മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്ത് നിന്നാണു പിടികൂടിയത്. പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ ലോറി പോയി. ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടതിനു ശേഷം ഡ്രൈവർ ഇറങ്ങി പോകുകയായിരുന്നു.
തുടർന്നു ലോറിയുടെ അടുത്തേക്ക് ഡ്രൈവർ എത്തിയപ്പോൾ പിടികൂടി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് അൽഫ കൺട്രോൾ റൂമിന്റെ എഎൻപിആർ ആൻഡ് സിസിടിവി റാക്ക് ക്യാം ബോക്സിനും പ്ലാറ്റ് ഫോമിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇന്നലെ കൊച്ചിയിലെ ഏജൻസി ജീവനക്കാരെത്തി തകർത്ത ബോക്സ് പരിശോധിച്ചു. ക്യാമറയുടെ ഡിവിആറിനു കേടുപാടുകൾ പറ്റിയതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.