ADVERTISEMENT

കാഞ്ഞങ്ങാട്∙ മൻസൂർ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും പ്രവർത്തകരോഷം അണപൊട്ടി. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എൻസിപി എന്നീ സംഘടനകളാണ് ഇന്നലെ പ്രകടനം നടത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ സമരം പ്രഖ്യാപിച്ചതെങ്കിലും എസ്എഫ്ഐക്കാരെ തലേന്ന് തല്ലിയൊതുക്കിയതിലുള്ള പ്രതിഷേധമായി സമരം മാറി. പ്രവർത്തകരെയും നേതാക്കളെയും തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎസ്പി ഓഫിസ് സമരം. ഇതിനിടെ എൻ‍സിപി പ്രവർത്തകർ നഴ്സിങ് കോളജിലേക്ക് നടത്തിയ പ്രകടനവും ഉന്തിലും തള്ളലിലും കലാശിച്ചു. ഡിവൈഎഫ്ഐ സമരം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സമരം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.ആർ.കാർത്തികേയൻ അധ്യക്ഷത വഹിച്ചു. എൻസിപി മാർച്ച് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ട്രഷറർ ബെന്നി നാഗമറ്റം അധ്യക്ഷത വഹിച്ചു. 

എൻസിപി ജില്ലാ കമ്മിറ്റി മൻസൂർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് 
കരീം ചന്തേര ഉദ്ഘാടനം ചെയ്യുന്നു.
എൻസിപി ജില്ലാ കമ്മിറ്റി മൻസൂർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്യുന്നു.

92 പേർക്കെതിരെ കേസ്
കഴിഞ്ഞദിവസം മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, എബിവിപി പ്രവർത്തകരായ 92 പേർക്കെതിരെ കേസ്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ആശുപത്രിയിലേക്കുള്ള വഴി തടഞ്ഞതിനുമാണ് വകുപ്പുകൾ ചേർത്തിരിക്കുന്നത്. 11 എസ്എഫ്ഐ നേതാക്കളും കണ്ടാലറിയാവുന്ന 75 പ്രവർത്തകരും പ്രതിപ്പട്ടികയിലുള്ള കേസിൽ പൊലീസുകാരെ ആക്രമിച്ചതായും ആരോപിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോമോൻ ജോസഫിനെതിരെയും കേസുണ്ട്. മരത്തിനിടെ കസ്റ്റഡിയിലെടുത്ത 5 എബിവിപി പ്രവർത്തകർക്കെതിരെയും കേസുണ്ട്.

ഇതൊക്കെ ശ്രദ്ധിക്കണ്ടേ പൊലീസേ !
കാഞ്ഞങ്ങാട്∙ സാക്ഷാൽ പീരങ്കി കൊണ്ടുവന്നാലും പിന്തിരിയില്ലെന്ന് സമരക്കാർ. കയ്യിലുള്ള ജലപീരങ്കിയെങ്കിലും പ്രവർത്തിപ്പിക്കാനുള്ള തന്ത്രപ്പാടിൽ പൊലീസ്. സമരക്കാർ വരുന്നതിന് മുൻപ് പലവട്ടം റിഹേഴ്സൽ നടത്തിയെങ്കിലും കാര്യത്തോടടുത്തപ്പോൾ വെള്ളം പോയത് ആകാശത്തേക്ക്. ‘ഒരു കയ്യബദ്ധം, നാറ്റിക്കരുത്’ എന്ന അവസ്ഥയിൽ നിന്ന പൊലീസുകാർക്ക് നേരെ കുപ്പിയിൽ വെള്ളമെടുത്ത് സമരക്കാരുടെ മറുപീരങ്കി പ്രയോഗം. അതോടെ കണ്ടുനിന്നവരിലും ചിരിപൊട്ടി.മൻസൂർ നഴ്സിങ് കോളജിൽ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ മാർച്ച്.

എന്നാൽ‍ തലേന്ന് ഇതേവിഷയത്തിൽ സമരം നടത്തിയ എസ്എഫ്ഐക്കാരെ തല്ലിയൊതുക്കിയതിലുള്ള പ്രതിഷേധമായി മാറി. പ്രകോപനപരമായ പ്രസംഗങ്ങളും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമങ്ങളും. അതോടെ ‘വരുൺ’ എന്ന ജലപീരങ്കിയെത്തി. 5 സെക്കൻഡിനുള്ളിൽ പ്രതിഷേധക്കാരെ ചിതറിച്ചു. എന്നാൽ പിന്നീട് വെള്ളം പോയത് പൊലീസുകാരുടെ നേരെ. പൊലീസ് ചിതറിയോടി. ഒരു കൂട്ടം പൊലീസുകാർ പ്രവർത്തകരെ തടയുമ്പോഴും മറ്റൊരുകൂട്ടം ജലപീരങ്കി നന്നാക്കാനുള്ള ഉദ്യമങ്ങളിൽ തുടർന്നു. ഇടയ്ക്കെപ്പോഴോ ‘ഷവർ’ പോലെ വെള്ളമെത്തിയപ്പോൾ പ്രവർത്തകർ കുളിയും പാസാക്കി.

‍ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിന്നാലെ സമരവുമായെത്തിയത് യൂത്ത് കോൺഗ്രസ്. ആളില്ലാത്ത സമരഭൂമിയിലേക്ക് ഇതിനിടെ പലവട്ടം വെള്ളമടിച്ചുനോക്കി ജലപീരങ്കിയും ഉഷാറായി. തലേന്ന് തങ്ങളെ പൊതിരെത്തല്ലിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചെത്തിയ പ്രവർത്തകർ തുടക്കം മുതൽ ബാരിക്കേഡിന് മുകളിലേക്ക് തള്ളിക്കയറി. എങ്കിലും ജലപീരങ്കി എടുക്കാൻ പൊലീസ് മടിച്ചു. സമരരോഷം തണുപ്പിക്കാനായി ഒടുവിൽ ജലപീരങ്കിയെത്തി. എന്നാൽ വെള്ളം പോയത് ആകാശത്തേക്ക്. പൈപ്പുകൾ തോന്നിയപടി വട്ടം കറങ്ങിയതോടെ ആദ്യം നനഞ്ഞത് പൊലീസ്. പിന്നാലെ സമരക്കാരും നനഞ്ഞു. ശക്തി പോരെന്ന് കണ്ടതോടെ ജലപീരങ്കി പൊലീസ് പിറകോട്ട് വലിച്ചു. അതോടെ യൂത്ത് കോൺഗ്രസ് ദേലംപാടി മണ്ഡലം പ്രസിഡന്റ് സിറാജ് പാണ്ടി ബാരിക്കേഡിന് മുകളിൽ കയറി, കുപ്പിയിൽ വെള്ളമെടുത്ത് പൊലീസിന് നേരെ ഒഴിച്ചു.

വെള്ളം ഞങ്ങൾ തരാമെന്ന് പറഞ്ഞ് പ്രവർത്തകരുടെ പരിഹാസച്ചിരി. 2021ൽ കോഴിക്കോട് നിന്നെത്തിച്ച ജലപീരങ്കിയാണ് ജില്ലയിലുള്ളത്. 14 വയസ്സായിരുന്നു അന്നത്തെ പ്രായം. 2022ൽ വാഹനത്തെ പുതുക്കിയെടുത്തു. എന്നാൽ അതിനുശേഷം നടന്ന മിക്കസമരങ്ങളിലും ‘വരുൺ’ ജില്ലയിലെ പൊലീസിന് നാണക്കേടുണ്ടാക്കി. ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ മോട്ടർ ട്രാൻസ്പോർട്ട് ഡിപാർട്മെന്റിനാണ് വാഹനത്തിന്റെ പരിപാലന ചുമതല.

ഡിവൈഎസ്പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ; ‘ധൈര്യമുണ്ടെങ്കിൽ യൂണിഫോമും തൊപ്പിയും മാറ്റി തെരുവിലിറങ്ങ്’
കാഞ്ഞങ്ങാട് ∙ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളെ തല്ലിച്ചതച്ച സംഭവത്തിൽ ഡിവൈഎസ്പിയെ ഡിവൈഎഫ്ഐ വെല്ലുവിളിച്ചു. ഇന്നലെ നടത്തിയ പ്രകടനത്തിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആണ് വിവാദപ്രസംഗം നടത്തിയത്. ‘ന്യായമായ വിദ്യാർഥി സമരത്തെ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഭീകരമായി വേട്ടയാടി. ആശുപത്രി ഗേറ്റിന് അപ്പുറംനിന്ന് ഇനിയും തല്ലുമെന്ന് ഡിവൈഎസ്പി പറയുകയാണ്. നിനക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ഒളിച്ചിരിക്കാതെ വാടാ പുറത്തേക്ക്. 

ഇവിടത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പണം പറ്റി, സമരത്തെ വഴി തിരിച്ചുവിടാനാണ് ഡിവൈഎസ്പി ശ്രമിക്കുന്നത്. തല്ലും ഇല്ലാതാക്കും എന്ന് വെല്ലുവിളിക്കുന്ന ഡിവൈഎസ്പിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട്ടെ തെരുവിലിറങ്ങ്. ഇന്നലെ അടിയേറ്റ എസ്എഫ്ഐ പ്രവർത്തകരിൽ ഒരാൾ മതി നിന്നെ നേരിടാൻ. അതിന് മാത്രം വലിയ ഇരയല്ല നീയെന്ന് തിരിച്ചറിയണം’– രജീഷ് പറഞ്ഞു. മൻസൂർ നഴ്സിങ് കോളജിലെ ആത്മഹത്യാശ്രമത്തിൽ തിങ്കളാഴ്ച എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, എബിവിപി, കെഎസ്‌യു എന്നീ സംഘടനകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. എല്ലാ പ്രകടനങ്ങൾക്കു നേരെയും ശക്തമായ ലാത്തിച്ചാർജാണ് ഉണ്ടായത്.

ആത്മഹത്യാശ്രമത്തിൽ കേസെടുത്ത് പൊലീസ്
കാഞ്ഞങ്ങാട് ∙ മൻസൂർ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ്. അസുഖബാധിതയായി, ചികിത്സതേടിയതിന് ശേഷം ഹോസ്റ്റലിലെത്തിയ മകളെ വൈകിയെന്ന് പറഞ്ഞ്, ചീത്തവിളിച്ച് വാർഡൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ എഫ്ഐആറിൽ പ്രതിയായി ആരുടെ പേരും ചേർത്തിട്ടില്ല.  കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ചർച്ചകൾക്കൊടുവിൽ സഹപാഠികളായ 8 പെൺകുട്ടികൾ വാർഡനെതിരായി പരാതി എഴുതി നൽകിയിരുന്നു. ഇന്നലെ രാവിലെ സഹപാഠികൾ 2 വാഹനങ്ങളിലായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചു. വനിതാ കമ്മിഷൻ അംഗം പി.പി.കുഞ്ഞായിഷ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി സന്ദർശിച്ചു. നഴ്‌സിങ് വിദ്യാർഥികളുമായി സംസാരിക്കുകയും പരാതി രേഖാമൂലം എഴുതിവാങ്ങുകയും ചെയ്തു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ പറഞ്ഞു.

English Summary:

Student protests in Kanhangad over an alleged suicide attempt at Mansoor Nursing College have escalated into confrontations with police, sparking accusations of brutality and raising concerns over the handling of student demonstrations. The incident has also brought to light allegations of mistreatment within the college.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com