കേരളത്തിലെ പശുക്കൾക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ: മന്ത്രി
Mail This Article
നീലേശ്വരം ∙പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ 8 കോടി രൂപ ക്ഷീരകർഷകരുടെ ഇൻഷുറൻസ് പദ്ധതി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്നതിനു ക്ഷീരകർഷകർ തയാറാകാത്തതിനാൽ കന്നുകാലികൾ മരണപ്പെടുമ്പോൾ നഷ്ടപരിഹാരമൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.കാലിച്ചാമരത്ത് ജില്ലാതല ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര സഹായത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ 3 വർഷത്തിനകം കേരളത്തിലെ മുഴുവൻ കർഷകരുടെയും പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 130 കോടി രൂപ മുതൽമുടക്കിൽ പാൽപൊടി ഫാക്ടറി മലപ്പുറം മൂർക്കനാട് ആരംഭിക്കും.5 വർഷത്തിനു ശേഷം കേരളത്തിലെ കന്നുകാലി സർവേ നടക്കുകയാണ്.
പശു സഖിമാർ എന്ന പേരിൽ സംസ്ഥാനത്തെ 450 കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ചാണു സർവേ. ആരോഗ്യമേഖലയിൽ ആശാ വർക്കർമാരെ പോലെ മൃഗസംരക്ഷണ മേഖലയിൽ പശു സഖിമാർ പ്രവർത്തിക്കും– മന്ത്രി പറഞ്ഞു. വെയിലേറ്റു മരിച്ച പശുക്കൾക്കും ചർമമുഴ വന്ന പശുക്കൾക്കും സർക്കാർ നഷ്ടപരിഹാരം നൽകി വരികയാണ്. മിൽമയുടെ ലാഭവിഹിതത്തിന്റെ 85 ശതമാനം തുകയും വിനിയോഗിക്കുന്നതു ക്ഷീരസംഘങ്ങൾ വഴി വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നതിനാണ്. പശുക്കളെ വാങ്ങാനെടുക്കുന്ന വായ്പയുടെ പലിശ സർക്കാർ നൽകും. അതിദരിദ്ര വിഭാഗത്തിൽപെട്ടവർക്കു പശുവിനെ 95 ശതമാനം സബ്‌സിഡിയിൽ സർക്കാർ നൽകും. ഒരു ഹെക്ടർ തീറ്റപ്പുൽക്കൃഷി നടത്തുന്നതിന് 16000 രൂപ സബ്‌സിഡി നൽകുന്നുണ്ട്. കോഴികളെയും പശുക്കളെയും പന്നികളെയും ആടുകളെയുമെല്ലാം വളർത്തുന്നതിനു സർക്കാർ ധനസഹായം നൽകുന്നുണ്ട്. മികച്ച ഇനം പശുക്കളെ സംസ്ഥാനത്തിനകത്തു തന്നെ വികസിപ്പിച്ചു പരിപാലിച്ചു കർഷകർക്കു നൽകുന്നതിനു കിടാരി പാർക്കുകൾ മികച്ച പ്രവർത്തനമാണു നടത്തുന്നത്– മന്തി പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എംഎൽഎ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി, കെസിഎംഎംഎഫ് ഡയറക്ടർ പി.പി.നാരായണൻ, കാഞ്ഞങ്ങാട് ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണൻ പനങ്കാവ്, പൊയിനാച്ചി ക്ഷീരസംഘം പ്രസിഡന്റ് കെ.ഭാസ്‌കരൻ, കാറഡുക്ക ക്ഷീരസംഘം പ്രസിഡന്റ് എം.കുമാരൻ നായർ, രാജപുരം ക്ഷീരസംഘം പ്രസിഡന്റ് കെ.എ.പ്രഭാകരൻ, കാലിച്ചാനടുക്കം ക്ഷീരസംഘം പ്രസിഡന്റ് സോണിയ ജോസഫ്, എടനാട് ക്ഷീരസംഘം പ്രസിഡന്റ് എം.ശങ്കരനാരായണ റാവു, വോർക്കാടി ക്ഷീരസംഘം പ്രസിഡന്റ് എൻ.കൃഷ്ണമൂർത്തി, പറക്കളായി ക്ഷീരസംഘം പ്രസിഡന്റ് പി.എ.തോമസ്, വീട്ടിയാടി ക്ഷീരസംഘം പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, പള്ളിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് വി.എ.രാജൻ, ബളാംതോട് ക്ഷീരസംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ, കാഞ്ഞിരപ്പൊയിൽ ക്ഷീരസംഘം സെക്രട്ടറി പി.ആർ.ബാലകൃഷ്ണൻ, ചെമ്മനാട് ക്ഷീരസംഘം സെക്രട്ടറി കെ.ഗോപിനാഥൻ, കരിച്ചേരി ക്ഷീരസംഘം സെക്രട്ടറി ഗോപാലകൃഷ്ണൻ കരിച്ചേരി, കരിവേടകം ക്ഷീരസംഘം സെക്രട്ടറി കെ.യു.രാജേഷ്, ഓലാട്ട് ക്ഷീരസംഘം സെക്രട്ടറി പി.വി.രോഹിണി, കൊല്ലംപാറ ക്ഷീരസംഘം സെക്രട്ടറി ജയശ്രീ, കാലിച്ചാമരം ക്ഷീരസംഘം പ്രസിഡന്റ് ടി.വി.അശോകൻ, ഡപ്യൂട്ടി ഡയറക്ടർ കെ.ഉഷാദേവി തുടങ്ങിയവർ പങ്കെടുത്തു.