ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നൽകിയില്ല; സബ് കലക്ടറുടെ വാഹനം ജപ്തിചെയ്തു
Mail This Article
കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക നൽകാത്തതിനെത്തുടർന്ന് കാഞ്ഞങ്ങാട് സബ് കലക്ടറുടെ വാഹനം കോടതി ജപ്തിചെയ്തു. പണമടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും. സബ് കോടതി ജഡ്ജി എം.സി.ബിജുവിന്റെ ഉത്തരവിനെത്തുടർന്ന് ഉദ്യോഗസ്ഥർ കാർ കോടതിയിൽ ഹാജരാക്കി.ഇ.വി.ശാന്ത, ഇ.വി.രമ എന്നിവർ നൽകിയ പരാതിയിലാണ് കോടതി നടപടി. 6 മാസത്തിനകം 5.69 ലക്ഷം രൂപ നൽകാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കോടതി വിധിച്ചിരുന്നു.
ഒന്നരവർഷം കഴിഞ്ഞിട്ടും പണം നൽകാത്തതിനെത്തുടർന്നാണ് പലിശയടക്കം 13,67,379 രൂപ നൽകാൻ ഉത്തരവിട്ടത്. 2003ൽ ആണ് ഇവരുടെ സ്ഥലം ഏറ്റെടുത്തത്. സെന്റിന് 2000 രൂപയാണ് സർക്കാർ വില നിശ്ചയിച്ചത്. ഈ തുക കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എൽഎ സ്പെഷൽ തഹസിൽദാർ, ദേശീയപാതാ എക്സിക്യൂട്ടീവ് എൻജിനീയർ, കലക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് വിചാരണ നടന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് 6 കേസുകൾ കൂടി സബ് കോടതിയിലുണ്ട്. പരാതിക്കാർക്കുവേണ്ടി അഭിഭാഷകൻ കെ.പീതാംബരനും സർക്കാരിനു വേണ്ടി ഗവ. പ്ലീഡർ കെ.വി.അജയകുമാറും ഹാജരായി.