ഇലക്ട്രിക് വയറുകൾ കത്തിച്ച് കോപ്പർ വിൽപന: സ്‌ക്രാപ് ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു
Mail This Article
ബദിയടുക്ക∙ ആളൊഴിഞ്ഞ സ്ഥലത്ത് ഇലക്ട്രിക് വയറുകൾ കത്തിച്ച് കോപ്പർ എടുത്തു വിൽപന നടത്തുന്നതിന് സഹായം നൽകിയ ബദിയടുക്കയിലെ സ്‌ക്രാപ് ഉടമയിൽ നിന്നു ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ഈടാക്കി. വയർ കത്തിച്ചത് മൂലമുണ്ടായ ദുർഗന്ധം സംബന്ധിച്ച് പരിസരവാസികൾ പൊലീസിലും പരാതി നൽകിയിരുന്നു.
അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചതിനു ബദിയടുക്കയിലെ റസിഡൻസി ഉടമയ്ക്ക് 5000 രൂപയും പ്ലാസ്റ്റിക് കത്തിച്ചതിനു അപ്പാർട്മെന്റ് ഉടമയ്ക്ക് 2500 രൂപയും പിഴ ഈടാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അജാനൂരിലെ ക്വാർട്ടേഴ്സ്, മാണിക്കോത്ത് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമകൾക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്. അജൈവ മാലിന്യങ്ങൾ മുഴുവൻ ഹരിത കർമസേനയ്ക്കു കൈമാറാതെ കെട്ടി തയാറാക്കിയ കുഴികളിൽ നിക്ഷേപിച്ചതിനു കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ക്വാർട്ടേഴ്സ്, ക്വാർട്ടേഴ്സ് ഉടമകൾക്കും 5000 രൂപയും ഉപയോഗ ജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിനു മുളിയാർ കാനത്തൂരിലെ ഹോട്ടൽ ഉടമയ്ക്ക് 5000 രൂപയും മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനത്തിന് തൃക്കരിപ്പൂരിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിനും റെസിഡൻസിക്കും 5000 രൂപ വീതം പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ.വി.മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.രാധാമണി, അമിഷ ചന്ദ്രൻ, സുപ്രിയ, എം.സജിത ക്ലാർക്ക് വി.ഷാഹിർ, സ്‌ക്വാഡ് അംഗം ഫാസിൽ എന്നിവർ പങ്കെടുത്തു.