കമ്മാടം ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവത്തിന് ഇനി നാലു നാൾ
Mail This Article
ചിറ്റാരിക്കാൽ ∙ ഉത്തരകേരളത്തിലെ ഏറ്റവുംവലിയ കളിയാട്ടക്കാവുകളിലൊന്നായ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് 23 നു കൊടിയേറും. 28 വരെ നീളുന്ന ഉത്സവത്തിനു തുടക്കം കുറിച്ച് 23 നു രാവിലെ 10 നു പാലക്കുന്ന് കാവിൽനിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും. ഇരുപത്തിയഞ്ചോളം തെയ്യങ്ങൾ ഇവിടെ കെട്ടിയാടും. എല്ലാ ദിവസവും ഉച്ച പൂജയ്ക്കായി കാവിലേയ്ക്കുള്ള പുറപ്പാട്, ദേവിയെ ആവാഹിച്ചുകൊണ്ടുള്ള കാവിൽനിന്നുവരവ് ചടങ്ങ്, വൈകിട്ട് 6 നു ദീപാരാധന എന്നിവ നടക്കും. ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള കമ്മാടം വലിയകാവിലേക്കു പാതിരാത്രിയിൽ പൂജയ്ക്കായി വിഷ്ണുമൂർത്തി തെയ്യം തനിച്ചു യാത്രചെയ്യുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
കളിയാട്ടത്തിലെ പ്രധാനപ്പെട്ട 2 ദിവസങ്ങളിലാണ് വിഷ്ണുമൂർത്തിയുടെ കാവിലേക്കുള്ള യാത്ര. 23 ന് വൈകിട്ട് 7.30 ന് മെഗാ തിരുവാതിര. രാത്രി 9 മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പെടൽ. രാത്രി 12 നു വിഷ്ണു മൂർത്തിയുടെ കാവിലേക്കുള്ള പുറപ്പാട്. 24 നു വൈകിട്ട് 3.30 നു വി.കെ.സുരേഷ്ബാബു കൂത്തുപറമ്പിന്റെ പ്രഭാഷണം. 25 നു രാത്രി 9.30 മുതൽ താഴത്തെക്കാവിൽ തെയ്യങ്ങൾ പുറപ്പെടും. രാത്രി 11.30 നു കമ്മാടത്തു ചാമുണ്ഡിയും താഴത്തുകാവിലെ ചാമുണ്ഡിയും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രേതമൊഴിപ്പിക്കൽ ചടങ്ങും നടക്കും.
26 നു വൈകിട്ട് 5 ന് മാഞ്ഞാളമ്മയുടെ പുറപ്പാട്, 6.30 നു വിളക്കുപൂജ.27 വൈകിട്ട് 5 നു കാലിച്ചാൻ തെയ്യം പുറപ്പാട്. രാത്രി 8 നു നൃത്താഞ്‍ജലി. 28 നു പുലർച്ചെ ഒരുമണിക്ക് ചെറിയ ഭഗവതിയുടെ പുറപ്പാട്, 6.30 നു കമ്മാടത്ത് ചാമുണ്ഡിയുടെ പുറപ്പാട്, 7.45 നു കമ്മാടത്ത് ഭഗവതിയുടേയും കൂടെയുള്ളോരുടേയും പുറപ്പാട്. രാവിലെ 10.30 ഓടെ കളിയാട്ടത്തിനു സമാപനമാകും.
നടപ്പന്തൽ സമർപ്പിച്ചു
കമ്മാടം ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചു നിർമിച്ച നടപ്പന്തൽ സമർപ്പണം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ കെ.പി.പ്രദീപ്കുമാർ നിർവഹിച്ചു. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ സി.തമ്പാൻ അധ്യക്ഷനായി. സെക്രട്ടറി പി.മോഹനൻ, കളിയാട്ട ഉത്സവ കമ്മിറ്റി ചെയർമാൻ റിട്ട. ഡിവൈഎസ്പി പി.കെ.സുധാകരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ.ഗണേശൻ, മാതൃസമിതി സെക്രട്ടറി മിനി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.