ADVERTISEMENT

കാഞ്ഞങ്ങാട് ∙ ലോട്ടറി സ്റ്റാളുകളുകൾ അടക്കമുള്ള പെട്ടിക്കടകൾ നീക്കം ചെയ്തതിനെ തുടർന്നു വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി നഗരസഭയ്ക്ക് മുൻപിലെത്തി. ഇവർക്ക് പിന്തുണയുമായി ബിഎംഎസ് പ്രവർത്തകരും എത്തിയതോടെ നഗരസഭ പരിസരം സംഘർഷഭരിതമായി. ഇന്നലെ പുലർച്ചെ ആരുമില്ലാത്ത നേരത്താണ്, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ നഗരസഭ നീക്കം ചെയ്തത്. ലോട്ടറി സ്റ്റാളുകളിൽ സൂക്ഷിച്ച ടിക്കറ്റുകളും സാധനങ്ങളും അടക്കമാണ് നീക്കം ചെയ്തത്. രാവിലെ നഗരത്തില്‍ എത്തിയപ്പോഴാണ് പലരും തങ്ങളുടെ പെട്ടിക്കടകൾ നീക്കിയത് അറിഞ്ഞത്. അതോടെ വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി നഗരസഭയ്ക്ക് മുൻപിലെത്തി. 

ബിഎംഎസ് പ്രവർത്തകരും നേതാക്കളും ഇവർക്ക് പിന്തുണയുമായി എത്തിയതോടെ നഗരസഭ പരിസരം സംഘർഷഭരിതമായി. ‍യൂണിയൻ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് പെട്ടിക്കടകൾ നീക്കം ചെയ്തതെന്ന് ബിഎംഎസ് നേതാക്കൾ ആരോപിച്ചു. നഗരസഭ ഓഫിസിലേക്ക് കയറാൻ തുടങ്ങിയ പ്രവർത്തകരെ ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. പ്രശ്ന പരിഹാരത്തിനായി നഗരസഭാധ്യക്ഷ കെ.വി.സുജാതയുമായി ചർച്ച നടത്താമെന്നും ഇൻസ്പെക്ടർ പ്രതിഷേധക്കാരെ അറിയിച്ചു. നഗരസഭാധ്യക്ഷ വരുന്നത് വരെ പ്രവർത്തകർ നഗരസഭയ്ക്ക് മുൻപിൽ കുത്തിയിരുന്നു.

ഇതിനിടെ വഴിയോര കച്ചവടക്കാരിൽ ചിലർ നഗരസഭ ഓഫിസിന് മുൻപിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. ഇവരെ പൊലീസ് പിന്തിരിപ്പിച്ചു.  നഗരസഭാധ്യക്ഷ കെ.വി.സുജാത സ്ഥലത്തെത്തുകയും സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്തു. ലോട്ടറികളും പെട്ടിക്കടകളും തിരിച്ചു നൽകാൻ തീരുമാനിച്ചു. അടുത്ത തവണ ലൈസൻസ് നൽകുമ്പോൾ നീക്കം ചെയ്തവരുടെ കാര്യം പരിഗണിക്കാമെന്നും ഉറപ്പ് നൽകി. ഇതോടെയാണ് എല്ലാവരും പിരിഞ്ഞു പോയത്. 

നഗരത്തിലെ അനധികൃത വഴിയോര കച്ചവടം പൂർണമായി നീക്കുമെന്നും നഗരത്തിന് വെളിയിൽ സ്ഥലം കണ്ടെത്തിയാൽ ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു. 44 അനധികൃത കച്ചവടമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവ പൊലീസിന്റെ സഹായത്തോടെ ഇന്നുതന്നെ നീക്കം ചെയ്യുമെന്നും അധ്യക്ഷ പറഞ്ഞു.

English Summary:

Municipality removes unlicensed petty shops sparking protests. Street vendors and BMS workers clashed following the early morning demolition of their stalls, creating a tense atmosphere.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com