പരിശോധന ശക്തമാക്കി മോട്ടർ വാഹന വകുപ്പ് – പൊലീസ്
Mail This Article
കാസർകോട്∙ റോഡപകടങ്ങൾ തടയുന്നതിനായി മോട്ടർ വാഹന വകുപ്പും–പൊലീസും ചേർന്നുള്ള പരിശോധനയ്ക്കു ജില്ലയിൽ തുടക്കമായി. സംയുക്ത വാഹന പരിശോധനാ ബോധവൽകരണ പദ്ധതി ജെഎപിഎം. (ജോയിന്റ് ആക്‌ഷൻ ബൈ പൊലീസ് ആൻഡ് മോട്ടർ വെഹിക്കിൾ വകുപ്പ്) ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ നേതൃത്വം നൽകി. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പൊലീസും മോട്ടാർ വാഹന വകുപ്പും ചേർന്നു പരിശോധന നടത്തുന്നത്. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും ദേശീയപാതയോരത്ത് പരിശോധന നടത്തി.
അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക തുടങ്ങിയവയ്‌ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങൾ കുറക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. .