കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 4.82 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
Mail This Article
കുമ്പള∙ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 2 വാഹനങ്ങളിലായി കടത്തുകയായിരുന്ന 4.82 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി കോഴിക്കോട് സ്വദേശികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നവയാണ് പിടികൂടിയ ലഹരി ഉൽപ്പന്നങ്ങൾ.വെള്ളിപ്പറമ്പ് കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുരം കുട്ടേമുച്ചീക്കൽ വീട്ടിൽ എൻ.പി.അസ്കർ(36), പന്നിയങ്കര പയ്യാനക്കൽ സീനത്ത് വീട്ടിൽ സാദിഖലി(44) എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 9.30ന് മൊഗ്രാലിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതു കണ്ട് വാഹനം ഓടിച്ചു പോകാൻ ശ്രമിക്കവേ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞാണ് മിനി ലോറിയിൽ കടത്തുകയായിരുന്ന 312000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി അസ്കറിനെ പിടികൂടിയത്. വാഹനത്തിന്റെ പിന്നിൽ 10 ചാക്കുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.
രാത്രി 11.45ന് കുമ്പള ടൗണിൽ എസ്ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തവേ അമിത വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ മിനി ലോറി പിടികൂടിയത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു. ഇതോടെ വാഹനത്തിന്റെ പിറകുവശത്തെ ഷീറ്റ് അഴിച്ചു നോക്കിയപ്പോഴാണ് 10 ചാക്കുകളിലായി നിറച്ച 170514 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. വിവിധ പേരിലും രൂപത്തിലും വില കുറഞ്ഞതും കൂടിയതുമായ പത്തിലേറെ തരത്തിലുള്ള പുകയില ഉൽപന്നങ്ങളാണ് ഇരു വാഹനങ്ങളിൽ നിന്നായി പൊലീസ് കണ്ടെടുത്തത്. ഇരുവർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചു. പുകയില ഉൽപന്നങ്ങളും വാഹനവും കോടതിയിൽ ഹാജരാക്കി.
കർണാടകയിൽ നിന്ന് കടത്തുന്നത് വൻ തോതിൽ പാൻമസാല
കർണാടകയിൽ നിന്നു കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നുണ്ട്. കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതലായും ഇവ എത്തിക്കുന്നത്. മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 2 മുതൽ 10 രൂപയ്ക്കു വരെ കിട്ടുന്ന വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ കേരളത്തിലെ വിവിധ കടകളിൽ രഹസ്യമായി വിൽക്കുന്നത് 10 മുതൽ 50 രൂപ വരെ വിലയിട്ടാണ്.
നിശ്ചിത തുകയുടെ സാധനം ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചാൽ ഡ്രൈവർമാർക്ക് 5000 മുതൽ 20,000 രൂപ വരെ വേതനമായി നൽകുന്നുണ്ട്. വാഹനവും നൽകുന്നത് ഇതേ സംഘമാണ്. പുകയില ഉൽപന്നങ്ങൾ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയാൽ സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകുന്നതിനാൽ ജയിൽ കിടക്കേണ്ട സ്ഥിതിയുണ്ടാകുന്നില്ല. അതിനാൽ പലരും ഈ കടത്തിനു കൂട്ടുനിൽക്കുകയാണ്. കർണാടകയിൽ നിന്ന് വലിയ അളവിൽ പുകയില ഉൽപന്നങ്ങൾ എടുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ കിട്ടും. അതിനാൽ പിടികൂടിയാൽ തന്നെ സാധനം വാങ്ങിയ വകയിൽ വലിയ നഷ്ടം ഉണ്ടാകുന്നില്ല. വാഹനം കോടതി വഴി തിരിച്ചു കിട്ടാനും സാധ്യത ഏറെയാണ്.
ചരക്കുവാഹനങ്ങളിലും കടത്ത്
മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പല വാഹനങ്ങളിലും നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നത് പതിവാണ്. ചരക്കുവാഹനങ്ങളുടെ രേഖകൾ മാത്രമാണ് പൊലീസ് അധികവും പരിശോധിക്കുന്നത്. വാഹനത്തിന്റെ അകത്ത് കയറിയുള്ള വിശദമായ പരിശോധനയില്ല. അതിനാൽ ഇതു മുതലാക്കി ഇത്തരം വാഹനങ്ങളിൽ പുകയില ഉൽപന്നങ്ങൾ വൻ തോതിൽ കടത്തുന്നുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിലെ പോകുന്ന വാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് ഗതാഗത കുരുക്കിനു കാരണമാകുമെന്നതിനാൽ ഇതിന് പൊലീസ്
തയാറാവുന്നില്ല.