വെടിവച്ചു കൊല്ലുന്ന കാര്യത്തിൽ അവ്യക്തത; കിണറ്റിൽ വീണ് ‘രക്ഷപ്പെട്ട്’ കാട്ടുപന്നികൾ
Mail This Article
കാസർകോട് ∙ നാട്ടിലിറങ്ങുമ്പോൾ കിണറ്റിൽ വീഴുന്ന പന്നികളെ കൊല്ലുന്ന കാര്യത്തിൽ അവ്യക്തത. ഇങ്ങനെ വീഴുന്ന പന്നികളെ പുറത്തെടുത്ത ശേഷം കാട്ടിലേക്കു തുറന്നുവിടുകയാണ് വനംവകുപ്പ് ഇപ്പോൾ ചെയ്യുന്നത്.കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ അവയെ വെടിവച്ചു കൊല്ലണമെന്നാണു കർഷകരുടെ ആവശ്യം. കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ്. അവർക്കു വേണമെങ്കിൽ ഇങ്ങനെയുള്ള പന്നികളെ വെടിവച്ചു കൊല്ലാമെന്നു വനംവകുപ്പും പറയുന്നു.
എന്നാൽ ജില്ലയിൽ ഒരിടത്തുപോലും കിണറ്റിൽ വീഴുന്ന പന്നികളെ വെടിവച്ചു കൊല്ലാറില്ല. വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം എത്തി അവയെ പുറത്തെടുത്ത ശേഷം കാട്ടിലേക്കു തുറന്നുവിടുകയാണ് ചെയ്യുന്നത്.മറ്റു ജില്ലകളിൽ ഇങ്ങനെയുള്ള പന്നികളെ പുറത്തെടുത്ത ശേഷം കൊല്ലാറുണ്ട്. പഞ്ചായത്തുകൾക്കു അധികാരം കൈമാറിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കിയതിനു ശേഷം വനംവകുപ്പ് പന്നികളെ കൊല്ലുന്നത് നിർത്തി. നേരത്തെ പഞ്ചായത്തുകൾക്കു അധികാരം ഉണ്ടായിരുന്നപ്പോൾ നേരിട്ടു ഷൂട്ടർമാരെ നിയോഗിച്ചു ജില്ലയിൽ നൂറോളം പന്നികളെ കൊന്നിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയെങ്കിലും ചില പഞ്ചായത്തുകൾ മാത്രമാണ് ഇക്കാര്യത്തിൽ നടപടിയെടുത്തത്. ഭൂരിഭാഗം പഞ്ചായത്തുകളും അനുമതി കൊടുത്തിട്ടില്ല. ഇതോടെ കാട്ടുപന്നിശല്യം രൂക്ഷമാവുകയും ചെയ്തു. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ വലിയ ക്ഷമ ആവശ്യമാണ്. കുറെ ദിവസം ഉറക്കമിളച്ചാലേ ഒരു പന്നിയെ കാണാൻ കിട്ടുകയുള്ളൂ. ചെറിയ അശ്രദ്ധ ഉണ്ടായാൽ പോലും അവ ഓടി രക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കിണറ്റിൽ വീഴുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ എളുപ്പവുമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇവയെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടാലും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നുവെന്നാണ് കർഷകരുടെ പരാതി. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടത്.
കിണറ്റിൽ വീണ കാട്ടുപന്നിയെ പുറത്തെടുത്ത് തുറന്നുവിട്ടു
ചെമ്മനാട് ∙ കോളിയടുക്കം കുണ്ടടുക്കത്തെ പി.ജയരാജന്റെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ ഇന്നലെ രാവിലെ വീണ പന്നിയെ വനംവകുപ്പ് ആർആർടി സംഘമെത്തി പുറത്തെടുത്തു. പിന്നീട് മുളിയാറിലെ തീയ്യടുക്കത്ത് തുറന്നുവിട്ടു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജയകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയെ പുറത്തെടുത്തത്.