പുലിപ്പേടി മാറാതെ വാഴക്കോട്, വെള്ളൂട മേഖലകൾ
Mail This Article
മാവുങ്കാൽ ∙ മടിക്കൈ പഞ്ചായത്തിലെ വാഴക്കോട്, വെള്ളൂട പ്രദേശങ്ങളിൽ വീണ്ടും പുലിയെ കണ്ടെന്നുള്ള വിവരം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. വാഴക്കോട് ശിവജി നഗറിൽ പുലിയെ കണ്ടെന്ന വിവരത്തെത്തുടർന്ന് വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപകമായി തിരച്ചിൽ നടത്തി.
ശിവജി നഗറിലെ പ്രവാസി ഉണ്ണിയുടെ വീടിനോട് ചേർന്നുള്ള മൺതിട്ടയിൽ നിന്ന് അടുക്കളഭാഗത്തെ മേൽക്കൂരയുടെ മുകളിലേക്ക് പുലി ചാടിയെന്നാണ് വീട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാരും ബന്ധുക്കളും നോക്കിയപ്പോഴാണ് മേൽക്കൂരയുടെ മുകളിൽ പുലിയെ കണ്ടത്. ബഹളം കേട്ടതോടെ സമീപത്തെ കാട്ടിലേക്ക് പുലി ഓടിമറിഞ്ഞു. വെളളുട നെല്ലിയടുക്കഞ്ഞ ബിജുവിന്റെ വീടിനു സമീപവും ഞായറാഴ്ച രാത്രി പുലി എത്തിയതായി പറയുന്നു.
കൂട്ടിൽ ഉണ്ടായിരുന്ന പട്ടിയുടെ കുര കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ബഹളംവച്ചപ്പോൾ ഓടിമറഞ്ഞെന്നാണ് വീട്ടുകാർ പറഞ്ഞത്. കാഞ്ഞങ്ങാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർ.ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങളിലെത്തി കാൽപ്പാടുകൾ പരിശോധിച്ചു. വരും ദിവസങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിറ്റ് ഫോറ്റസ്റ്റ് ഓഫിസർമരായ വിഷ്ണു കൃഷ്ണൻ, ബി.ഭവിത്ത്, ഫോറസ്റ്റ് വാച്ചർ മാധവൻ സർപ്പ റെസ്ക്യൂവർമാരായസുനിൽ സുരേന്ദ്രൻ, സി.അനൂപ് എന്നിവരും വാർഡ് മെംബർ എ.വേലായുധൻ, നാട്ടുകാരായ പി.മനോജ് വാഴക്കോട്, നാരായണൻ ശിവജി നഗർ, വിജയൻ കുന്നുമ്മൽ, അശോകൻ ശിവജി നഗർ, രാജു, മഹേഷ് കാനത്തിൽ, സനീഷ്, ഉണ്ണികൃഷ്ണൻ, അഭിജിത്ത്, ശ്രീജിത്ത്, ഉണ്ണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പുലിപ്പേടിയിൽ മരുതോം പാലക്കൊല്ലി
വെള്ളരിക്കുണ്ട് ∙ ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊല്ലിയിൽ റോഡിൽ പുലിയെ കണ്ട് ബൈക്ക് യാത്രക്കാരൻ ഭയന്നോടി.ചൊവ്വാഴ്ച രാത്രി എട്ടോടെ മാലോത്ത് നിന്ന് ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴി പാലക്കൊല്ലിയിൽവച്ചാണ് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യയും പുലിയെ കണ്ടത്.
റോഡിൽ നിൽക്കുന്ന പുലിയെ കണ്ട് ഭയന്ന് ജെബി ബൈക്ക് തിരിച്ചു വീണ്ടും മാലോം ഭാഗത്തേക്ക് തന്നെ വന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. റോഡിൽ പുലിയെ കണ്ടതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കാൽ നടയായും ഇതുവഴിപോകാറുണ്ട്.
പുലിയെ കണ്ടതോടെ മരുതോം, ചുള്ളി, പാടി, പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ പരിഭ്രാന്തിയിലായി. പരപ്പ, കാളിയാനം, വെസ്റ്റ് എളേരിയിലെ കമ്മാടം, പെരളം ഭാഗങ്ങളിലും രണ്ടാഴ്ച മുൻപ് പുലിയിറങ്ങിയതായി പ്രചാരണമുണ്ടായിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയെടുക്കണമെന്നും പുലിയെ കൂട് വച്ച് പിടികൂടി ഉൾക്കാട്ടിൽ കൊണ്ട് വിടണമെന്നും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.