തീവ്രസ്വഭാവമുള്ള ബംഗ്ലദേശി സംഘത്തിലെ അംഗം കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; പ്രതി 4 വർഷമായി കാസർകോട്
Mail This Article
കാഞ്ഞങ്ങാട് ∙ യുഎപിഎ കേസിൽ പ്രതിയായ ബംഗ്ലദേശ് സ്വദേശി ഷാബ് ഷെയ്ഖിനെ (32) അസം പൊലീസ് കാഞ്ഞങ്ങാട്ടെത്തി അറസ്റ്റ് ചെയ്തു. അസം സ്പെഷൽ ടാസ്ക് ഫോഴ്സും ഹൊസ്ദുർഗ് പൊലീസും ചേർന്ന് ഇന്നലെ പുലർച്ചെ 5ന് പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബംഗ്ലദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രസ്വഭാവമുള്ള സംഘത്തിലെ അംഗമാണ് ഇയാളെന്നും അതിന്റെ സ്ലീപ്പർ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയതെന്നും പൊലീസ് പറയുന്നു. ബംഗാളിൽ താമസിച്ച് വ്യാജ ആധാർ കാർഡും പാസ്പോർട്ടും സംഘടിപ്പിച്ച ഇയാൾ കേരളത്തിലേക്കു വരികയായിരുന്നു.
അമ്മ ബംഗ്ലദേശ് സ്വദേശിനിയും പിതാവ് ബംഗാൾ സ്വദേശിയുമാണെന്ന ഇയാളുടെ മൊഴി പൊലീസ് തള്ളി. 4 വർഷമായി കാസർകോട്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയ്ന്റിങ്, കോൺക്രീറ്റ് ജോലികൾ ചെയ്യുന്ന പ്രതി കാസർകോട്, കളനാട്, ചെർക്കള എന്നിവിടങ്ങളിൽ ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.
ഡിസംബർ 10ന് ആണ് ഇയാൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. പ്രതി സമൂഹമാധ്യമം ഉപയോഗിക്കാൻ തുടങ്ങിയതാണ് വാസസ്ഥലം കണ്ടെത്താൻ സഹായിച്ചത്.ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ (1) ഹാജരാക്കിയശേഷം മംഗളൂരു വിമാനത്താവളംവഴി പ്രതിയെ അസമിലേക്കു കൊണ്ടുപോയി.ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്ത് കുമാർ, എസ്ഐമാരായ കെ.അനുരൂപ്, എം.ടി.പി.സൈഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു വെള്ളൂർ, ജ്യോതിഷ്, സിവിൽ പൊലീസ് ഓഫിസർ ബിജു മണലിൽ എന്നിവരാണ് കേരള പൊലീസിൽ നിന്ന് പരിശോധനയിൽ പങ്കെടുത്തത്.