ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്... നാടെങ്ങും ക്രിസ്മസ് വൈബ്...
Mail This Article
ചിറ്റാരിക്കാൽ∙ ഒന്നുതൊടുമ്പോൾ ആയിരം നാദങ്ങളായി മാറുന്ന പള്ളിമണികൾ, വീടുകളിലെങ്ങും നക്ഷത്ര വിളക്കുകൾ, നീല മേഘങ്ങൾക്കിടയിലൂടെ മഞ്ഞുമാനുകളുടെ രഥത്തിൽ വരുന്ന ക്രിസ്മസ് അപ്പൂപ്പൻ, സൗമ്യമായൊരു വെളിച്ചമായി എൽഇഡി ബൾബുകൾ, കാരൾ ഗീതങ്ങൾ. രാവിനുമീതെ ഈറൻകാറ്റു വീശിയടിക്കുമ്പോഴും മലയോര ഗ്രാമങ്ങൾ ഉറങ്ങിയിട്ടുണ്ടാവില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് കാലമെത്തുന്നു. തിരുപ്പിറവിയുടെ ഓർമ പുതുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷത്തിനായ് ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടുകളൊരുക്കിയും മധുരമൂറും കേക്കുനുണഞ്ഞും നാടും നഗരവും ആഘോഷങ്ങളിലേക്ക് അലിഞ്ഞുചേരുകയാണ്.
സ്നേഹം നിറച്ച് ഭവനങ്ങൾ
ക്രിസ്മസ് കാലം കൂട്ടായ്മയുടേതു കൂടിയാണ്. മലയോരത്ത് വീടുകളിലെല്ലാം ഒരുക്കങ്ങൾ നേരത്തേ തുടങ്ങിക്കഴിഞ്ഞു. വിദേശങ്ങളിലും മറ്റും ജോലിയുള്ളവർ, വീടുകളിൽനിന്നും അകലെ കഴിയുന്ന ബന്ധുക്കൾ തുടങ്ങിയവരിൽ പലരും കുടുംബങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുന്നതും ക്രിസ്മസ് കാലത്താണ്. ഓരോ ക്രിസ്മസ് കാലവും മലയോരത്ത് കൂടിച്ചേരലിന്റെ ഉത്സവകാലം കൂടിയാണ്.
സജീവമായി ക്രിസ്മസ് വിപണി
ക്രിസ്മസിനെ വരവേൽക്കാൻ മലയോര ടൗണുകൾ നേരത്തേതന്നെ ഒരുങ്ങിയിട്ടുണ്ട്. ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ഒട്ടേറെ പുതുമകളുമായാണ് ഇക്കുറി വിപണികളുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന എൽഇഡി നക്ഷത്രങ്ങൾ, പുൽക്കൂട് സെറ്റുകൾ, വിവിധ തരം ക്രിസ്മസ് ട്രീകൾ തുടങ്ങിയവയ്ക്കുതന്നെയാണ് ഇപ്പോഴും വിപണിയിൽ ഡിമാൻഡ്. ഇവയ്ക്കു പുറമെ അലങ്കാര ബൾബുകൾ, വർണ വിസ്മയം തൂകുന്ന തോരണങ്ങൾ എന്നിവയെല്ലാം വിപണിയിൽ നേരത്തേതന്നെ ഇടം പിടിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള പലനിറത്തിലുള്ള തോരണങ്ങൾ, ബൾബുകൾ, ബോളുകൾ, സാന്റോക്ലോസിന്റെ രൂപങ്ങൾ എന്നിവയും കടകളിൽ ലഭ്യമാണ്. മുൻകാലങ്ങളിൽ ആശംസാ കാർഡുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ കാർഡുകൾ വിപണിയിലില്ല. ഇക്കുറി ക്രിസ്മസ് വിപണിയിൽ വിലക്കയറ്റമില്ലെന്ന് കച്ചവടക്കാർ പറയുന്നു. മഴ മാറി മാനം തെളിഞ്ഞതോടെ വരും ദിവസങ്ങളിൽ ക്രിസ്മസ് വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ഓർമയിൽ പരമ്പരാഗത നക്ഷത്ര വിളക്കുകൾ
മുളക്കമ്പുകൾ ചീകിയെടുത്ത് അഗ്രഭാഗങ്ങൾ കൂട്ടിക്കെട്ടി അതിൻമേൽ വർണകടലാസുകളൊട്ടിച്ച് ഉള്ളിലെ ചിരട്ടയിൽ സ്ഥാപിച്ച മെഴുകുതിരികളാൽ പ്രകാശം പരത്തിയിരുന്നവയായിരുന്നു പഴയകാലത്തെ നക്ഷത്രങ്ങൾ. എന്നാൽ ഇന്ന് ക്രിസ്മസിന്റെ ആചാരപ്പഴമ നിലനിർത്താൻ ആഗ്രഹിക്കുന്നവർ മാത്രമാണ് ഇത്തരം നാടൻ നക്ഷത്രവിളക്കുകൾ ഉപയോഗിക്കുന്നത്. മറ്റുള്ളവരെല്ലാം എൽഇഡി നക്ഷത്രങ്ങളിലേക്ക് വഴിമാറി. മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുൻപിൽ സ്ഥാപിച്ച കൂറ്റൻ നക്ഷത്രമാണ് ഇക്കുറി മലയോരത്ത് ഏറെ ശ്രദ്ധയാകർഷിച്ചത്.
സ്നേഹത്തിന്റെ പുൽക്കൂടുകൾ
തിരുപ്പിറവി ആഘോഷിക്കാൻ വീടുകളിലെല്ലാം വരും ദിവസങ്ങളിൽ പുൽക്കൂടുകളൊരുങ്ങും. പുൽക്കൂടുകൾ നിർമിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വീടുകളിലും ദേവാലയങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. തെരുവപ്പുല്ലും വൈക്കോലും ഉപയോഗിച്ച് കെട്ടിമേയുന്ന നാടൻ പുൽക്കൂടുകളും മലയോരത്ത് പലയിടത്തും ഒരുക്കാറുണ്ട്. ഇത്തരം പുൽക്കൂടുകളിലെ പ്രധാന അലങ്കാരമാണ് നെൽവയൽ. പ്രത്യേക പാത്രങ്ങളിലും ഡിഷുകളിലും മണ്ണുനിറച്ച് അതിൽ വിത്തുവിതച്ചാണു പുൽക്കൂടുകളിലെ നെൽപ്പാടങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നത്. ഇതിനുപുറമേ അരുവികളും മലനിരകളുമെല്ലാം പുൽക്കൂട്ടിലൊരുക്കും. ഇതിനായുള്ള ഒരുക്കങ്ങളും ചിലയിടങ്ങളിൽ നടന്നുവരുന്നു. ഗ്രാമങ്ങളിൽ പലരും പ്രകൃതിദത്തമായ വസ്തുക്കൾകൊണ്ടാണ് ഇപ്പോഴും പുൽക്കൂടുകൾ ഒരുക്കുന്നത്. ക്രിസ്മസ് രാവുകൾ അടുക്കുന്നതോടെ കാരൾ സംഘങ്ങളും സജീവമാകും.
ഒരുങ്ങുന്നു ക്രിസ്മസ് ട്രീകൾ
ക്രിസ്മസ് എത്തിയാൽ പുൽക്കൂടിനും നക്ഷത്രത്തിനുമൊപ്പം മനോഹരമായി അലങ്കരിച്ച് ഒരുക്കി നിർത്തുന്ന സുന്ദരകാഴ്ചയാണു ക്രിസ്മസ് ട്രീ. വീടുകളിൽ മാത്രമല്ല, പൊതുസ്ഥലങ്ങളിലും ഓഫിസുകളിലുമെല്ലാം ക്രിസ്മസിനോട് അനുബന്ധിച്ചു ക്രിസ്മസ് ട്രീ ഉണ്ടാകും. ബലൂണുകളും മണികളും ബോബിളുകളും റിബണും മറ്റ് അലങ്കാര വസ്തുക്കളുമെല്ലാം ട്രീയിലുണ്ടാകും. ഏറ്റവും മുകളിലായി ഒരു നക്ഷത്രം ഘടിപ്പിച്ചാണു സാധാരണ ക്രിസ്മസ് ട്രീ ഒരുക്കുക. നാട്ടിൻപുറങ്ങളിൽ മരത്തിന്റെ ശിഖരം മുറിച്ചെടുത്തു മനോഹരമായി അലങ്കരിച്ചു ക്രിസ്മസ് ട്രീയായി സ്ഥാപിക്കുന്ന രീതിയുമുണ്ട്.
കേക്ക് വിപണി സജീവം
മലയോരത്തെ ബേക്കറികളിലെ ചില്ല് അലമാരകളിൽ വിവിധ തരത്തിലുള്ള കേക്കുകൾ ഇടം പിടിച്ചുകഴിഞ്ഞു.ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലുമാണ്. ഐസിങ് കേക്ക്, കോഫീ ക്രഞ്ച് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, എഗ്ലെസ്, മാർബിൾ, ഫാൻസി ബട്ടർ, കാരറ്റ്, ഡേറ്റ്, റിച്ച് ഫ്രൂട്ട്, പ്ലേയ്ൻ ഡെക്ക്, ബ്ലാക്ക് ഫോറസ്റ്റ്, പിസ്‌ത, ഓറഞ്ച്, പൈനാപ്പിൾ, കോഫി തുടങ്ങി വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലുണ്ട്.ക്രിസ്മസ് കേക്കുകളിൽ പ്ലം കേക്കിനാണ് ഡിമാന്റ് കൂടുതൽ. ഉണക്കമുന്തിരിയും കശുവണ്ടിയും നാളുകൾക്ക് മുൻപേ പഴച്ചാറുകളിൽ മുക്കിയിട്ട് ഉണ്ടാക്കുന്ന പ്ലം കേക്കിന് ആരാധകർ ഇന്നും ധാരാളം. മലയോരത്ത് വീട്ടമ്മമാരും കേക്കുകൾ നിർമിക്കുന്നുണ്ട്.