കാസർകോട് ജില്ലയിൽ ഇന്ന് (22-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
വനിതാ കമ്മിഷൻ അദാലത്ത് നാളെ
കാസർകോട്∙ വനിതാ കമ്മിഷൻ നാളെ 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. പുതിയ പരാതികളും അദാലത്തിൽ സ്വീകരിക്കും.
ഹരിത പ്രഖ്യാപനം ജനുവരി 26ന്
കാസർകോട് ∙ ‘മാലിന്യ മുക്തം നവകേരളം’ ക്യാംപെയ്ൻ ഭാഗമായി ജനുവരി 26 നു ജില്ലാതല ഹരിത പ്രഖ്യാപനം നടത്താൻ ജില്ലാ നിർവഹണ സമിതി തീരുമാനിച്ചു. വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ഓഫിസുകൾ, കലാലയങ്ങൾ, ടൗണുകൾ, മാർക്കറ്റ്, കവലകൾ, അയൽക്കൂട്ടങ്ങൾ, കെഎസ്ആർടിസി ഡിപ്പോ, അങ്കണവാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെയാണു ഹരിതമായി പ്രഖ്യാപിക്കുന്നത്. ആദ്യം സമ്പൂർണ ഹരിതമാകുന്ന തദ്ദേശ സ്ഥാപനങ്ങളെയും അയൽക്കൂട്ടങ്ങളെയും ആദരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലക്ടർ കെ. ഇമ്പശേഖർ, നവകേരളം കർമപദ്ധതി ജില്ലാ ക ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി.ശാന്ത എന്നിവർ പങ്കെടുത്തു.
കെഎസ്ആർടിസി ഉല്ലാസയാത്ര
കാസർകോട്∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽ നിന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ പൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടർ ഫാൾസ് എന്നിവിടങ്ങളിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര നടത്തും. 26ന് വയനാട്ടിലേക്ക് ഉല്ലാസ യാത്ര നടത്തും. കുറുവ ദ്വീപ്, ബാണാസുര ഡാം , മുത്തങ്ങ ജംഗിൾ സഫാരി, എടക്കൽ ഗുഹ, 900 കണ്ടി, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.27ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര നടത്തും. ഇടുക്കി ജില്ലയിലെ ഫോട്ടോ പോയിന്റ്, ടോപ്പ് സ്റ്റേഷൻ, കുണ്ടല ഡാം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ, 2ാം ദിവസം ഇരവികുളം നാഷനൽ പാർക്ക്, മറയൂർ ശർക്കര ഫാക്ടറി, മുനിയറകൾ, സാൻഡൽ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 9446862282.
മിനി ജോബ് ഡ്രൈവ് 27ന്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ 27ന് 10.30 മുതൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഡ്രൈവ് നടത്തും. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഗ്രീൻ ഷോപ്പി സോളർ, ഹോഗ്വാർട്സ് ഇന്റർനാഷനൽ ഇസ്‍ലാമിക് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 28 ഒഴിവുകളിലേക്കാണു അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. റജിസ്റ്റർ ചെയ്യാത്തവർക്കു രാവിലെ 10 മുതൽ രേഖകളുമായി 250 രൂപ ഫീസ് അടച്ച് റജിസ്ട്രേഷൻ നടത്താം. റജിസ്ട്രേഷന് ആജീവനാന്ത കാലാവധി ഉണ്ടാകും. പ്രായപരിധി 18-35. യോഗ്യത: എസ്എസ്എൽസി മുതൽ. 9207155700.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൈപുണ്യ വികസന പദ്ധതിയിൽ പട്ടികജാതി വികസന വകുപ്പ് എൻടിടിഎഫ് മുഖേന നടപ്പാക്കുന്ന 10 മാസത്തെ സിഎൻസി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിങ് സെന്റർ ആൻഡ് ടർണിങ് സൗജന്യ റസിഡൻഷ്യൽ കോഴ്സിലേക്കു പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പത്താംക്ലാസ് വിജയിച്ച 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 04994–256162.മടിക്കൈ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ഐഎച്ച്ആർഡി വെബ്സൈറ്റിൽ (www.ihrd.ac.in) നിന്നും കോളജിൽ നിന്നു നേരിട്ടും ലഭിക്കും. അപേക്ഷ 31ന് അകം കോളജിൽ ലഭിക്കണം. 9447070714.
അഭിമുഖം 31ന്
കാസർകോട്∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് 31ന് 10നു അഭിമുഖം നടത്തും. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പ്രവൃത്തിപരിചയത്തിൽ എൻടിസി, ഒരുവർഷത്തെ പ്രവൃത്തിപരിചയത്തിൽ എൻഎസി. സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 04994–256440.