ADVERTISEMENT

പെരിയ ∙ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത് ആറു വർഷത്തോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ. കൊച്ചി സിബിഐ കോടതി 28നു പുറപ്പെടുവിക്കുന്ന വിധി രാഷ്ട്രീയ കേരളത്തിനും നിർണായകമാകും. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ഒന്നാം പ്രതിയായ പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 

ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.

ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ വിധി ശരിവച്ച ഡിവിഷൻ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനിർത്തി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ ആവശ്യം തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ആദ്യം അറസ്റ്റിലായ 14 പേരിൽ കെ.മണികണ്ഠൻ, എൻ.ബാലകൃഷ്ണൻ, ആലക്കോട് മണി എന്നിവർക്കു ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേർ ഇപ്പോഴും വിയ്യൂർ സെൻട്രൽ ജയിലിലാണ്.

സിബിഐ അറസ്റ്റ് ചെയ്‌ത 10 പേരിൽ കെ.വി.കുഞ്ഞിരാമനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ 5 പേർക്കും ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചുപേർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. 2023 ഫെബ്രുവരിയിലാണു സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. വിചാരണ നടപടികൾ പൂർത്തീകരിച്ചു പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കു കടക്കുന്നതിനിടെ സിബിഐ കോടതി ജഡ്ജി കെ.കമനീഷ് സ്ഥലം മാറി. തുടർന്നു വന്ന ജ‍ഡ്ജി ശേഷാദ്രിനാഥനാണു തുടർനടപടികൾ പൂർത്തിയാക്കി വിധി പറയുന്നത്.

പെരിയ ഇരട്ടക്കൊലക്കേസിന്റെ നാൾവഴികളിലൂടെ:
∙ 2019 ഫെബ്രുവരി 17, രാത്രി 7.45: കല്യോട്ടെ പി.വി.കൃഷ്ണന്റെ മകൻ കൃപേഷ് (കിച്ചു–19), പി.കെ.സത്യനാരായണന്റെ മകൻ ശരത്‌ലാൽ എന്ന ജോഷി(23) എന്നിവരെ കല്യോട്ട് സ്കൂൾ–ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു.

∙ഫെബ്രുവരി 18: സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോർജ് – 40) എന്നിവർ അറസ്റ്റിൽ. പീതാംബരനെ പാർട്ടി പുറത്താക്കുന്നു.

∙ഫെബ്രുവരി 21: കേസ് സിബിഐക്കു വിടണമെന്ന ആവശ്യം ശക്തം. എന്നാൽ സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്പി വി.എം.മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.

∙മാർച്ച് 2: അന്വേഷണസംഘത്തലവനായ എസ്പി വി.എം.മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിനു പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാർക്കും മാറ്റം. പ്രതികളെന്നു കണ്ടെത്തിയവർക്കു പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നുവെന്ന സൂചനകൾക്കിടെ അഴിച്ചുപണി.

∙ഏപ്രിൽ 1: അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.

∙മേയ് 14: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.

∙മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ. മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധം.

∙സെപ്റ്റംബർ 30: ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.

∙ഒക്ടോബർ 29: സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാരിന്റെ അപ്പീൽ. എന്നാൽ പിന്നീട് ഈ അപ്പീൽ തള്ളി.

∙സെപ്റ്റംബർ 12: സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസഹർജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.

∙ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.

∙2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

∙2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസ് വിചാരണ തുടങ്ങി.

∙2024 ഡിസംബർ 23: 28നു കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി. വിധിന്യായം പ്രസ്താവിക്കാനും സാധ്യത.

English Summary:

Periya double murder case verdict is imminent. The Kochi CBI court will deliver its judgment on December 28th, concluding a six-year-long legal battle following the 2019 killings of two Youth Congress workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com