ലഹരി വിതരണം ചോദ്യം ചെയ്തയാളെ കുത്തിപ്പരുക്കേൽപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
Mail This Article
കുമ്പള∙ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ചോദ്യം ചെയ്തെന്ന വിരോധത്തിൽ കുത്തിപ്പരുക്കേൽപിച്ച കേസിൽ ഒട്ടേറെ കേസുകളിലെ പ്രതികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കുന്നിലെ മുഹമ്മദ് ഫൈസൽ (ഫസലു 29) സീതാംഗോളി രാജീവ് നഗറിലെ അബ്ദുൽനിസാർ (23) എന്നിവരെയാണ് എസ്ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി. ആരിക്കാടി ബണ്ണംകുളം വീട്ടിൽ എ.ബി.ഷാഹുൽ ഹമീദാണ് (31) അക്രമത്തിനിരയായത്.
കഴിഞ്ഞ 22നു വൈകിട്ട് 6ന് ബംബ്രാണ ആരിക്കാടി കുന്നിൽ വച്ചായിരുന്നു ഹമീദിനെ തടഞ്ഞുനിർത്തി ചുറ്റികയും ഇരുമ്പ് വടി കൊണ്ടും പുറത്തും വയറ്റിലും തലയിലും അടിക്കുകയും കുത്തിപ്പരുക്കേൽപ്പിക്കുകയും കാലു കൊണ്ട് ചവിട്ടി ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തുവെന്നാണു കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.ഐ.മനോജ്, എ.വി.മനു, ശരത്ത് കാഞ്ഞങ്ങാട്, വിനോദ് കുടുംബൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.