കർണാടകയിൽ നിന്ന് ഇനി പ്രതിദിനം വാങ്ങുന്നത് 50 മെഗാവാട്ട് വൈദ്യുതി
Mail This Article
കാസർകോട് ∙ ജില്ലയിലേക്കു കർണാടകയിൽ നിന്നു വാങ്ങുന്ന പ്രതിദിന വൈദ്യുതി 50 മെഗാവാട്ടായി ഉയർത്തി. കെഎസ്ഇബിയുടെയും കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെയും (കെപിടിസിഎൽ) ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിലാണ് കാസർകോടിന്റെ വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചത്.
22 മെഗാവാട്ട് ആയിരുന്നു ഇതുവരെ കർണാടക നൽകിയിരുന്നത്. ആവശ്യം അംഗീകരിച്ചതോടെ, മൈലാട്ടി–വിദ്യാനഗർ മൾട്ടി സർക്കീറ്റ് മൾട്ടി വോൾട്ടേജ് (എംസിഎംവി) ലൈനിന്റെ പണി വേഗത്തിലാക്കാൻ സാധിക്കും. 110 കെവി മഞ്ചേശ്വരം, കുബനൂർ, വിദ്യാനഗർ, മുള്ളേരിയ സബ് സ്റ്റേഷൻ പരിധിയിലും 33 കെവി പെർള, ബദിയടുക്ക, കാസർകോട് ടൗൺ, അനന്തപുരം സബ് സ്റ്റേഷൻ പരിധിയിലുമാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.
നിലവിലുള്ള 110 കെവി ലൈനിന്റെ അതേ കോറിഡോറിൽ തന്നെ പുതിയ ലൈൻ വലിക്കുന്നതിനാൽ മൈലാട്ടി– വിദ്യാനഗർ 110 കെവി ലൈൻ പകൽ സമയത്ത് പണിക്കു വേണ്ടി ഓഫ് ചെയ്യുന്നത് ഈ 8 സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കർണാടകയിൽ നിന്നു ലഭിച്ചിരുന്ന 22 മെഗാവാട്ട് വൈദ്യുതിയും പൈവളിഗെ സൗരോർജ പാർക്കിൽ നിന്നു ലഭിക്കുന്ന 40 മെഗാവാട്ടോളം വൈദ്യുതിയും ചേർത്താണ് ഇവിടത്തെ ആവശ്യം നിറവേറ്റിയിരുന്നത്.
സൗരോർജ പ്ലാന്റിൽ വൈദ്യുതി സംഭരിച്ചു വെക്കാനുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ഇല്ലാത്തതിനാൽ, രാവിലെ 10 മണി കഴിഞ്ഞു പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ മാത്രമേ അവിടെ നിന്നു വൈദ്യുതി ലഭിക്കാൻ തുടങ്ങുകയുള്ളൂ. വൈകിട്ട് 3.30 കഴിഞ്ഞാൽ ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയാനും തുടങ്ങും.60–75 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ശരാശരി ആവശ്യം വരുന്നത്.
ഇടവിട്ടു സബ് സ്റ്റേഷൻ മാറി മാറി ഓഫ് ചെയ്താണു കഴിഞ്ഞ വേനൽക്കാലത്ത് ഈ പ്രതിസന്ധി പരിഹരിച്ചിരുന്നത്. കർണാടക അനുകൂല നിലപാട് സ്വീകരിച്ചതോടെ, ഈ വർഷം പ്രശ്നമില്ലാതെ വൈദ്യുതി വിതരണം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ. സമയ പരിമിതി മൂലം 12 കിമീ ലൈനിൽ 3 കിമീ മാത്രമാണു ഇതുവരെ പണി പൂർത്തിയായത്. മൈലാട്ടി സബ് സ്റ്റേഷനിൽ നിന്നു വിദ്യാനഗർ സബ് സ്റ്റേഷനിലേക്കുള്ള 110 കെവി ലൈൻ ഇരട്ടിപ്പിക്കുന്നതിനൊപ്പം പുതിയതായി 220 കെവി ഇരട്ട ലൈൻ കൂടി വലിക്കുന്ന പണിയാണ് നടക്കുന്നത്.
പഴയ ലൈൻ ഒഴിവാക്കി പുതിയ ടവർ ഉൾപ്പെടെ സ്ഥാപിച്ചാണ് ഇരട്ടിപ്പിക്കലിന്റെ പണി നടത്തുന്നത്. വിദ്യാനഗർ സബ്സ്റ്റേഷൻ 110 കെവിയിൽ നിന്നു 220 കെവി ആയി വർധിപ്പിക്കാനും കെഎസ്ഇബി തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. എംസിഎംവി ലൈനിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ കർണാടകയുടെ വൈദ്യുതി ഇല്ലാതെ തന്നെ ജില്ലയിലേക്കാവശ്യമായ വൈദ്യുതി കേരള ഗ്രിഡിൽ നിന്നു തന്നെ വിതരണം ചെയ്യാൻ സാധിക്കും. നിലവിലുള്ള മൈലാട്ടി–വിദ്യാനഗർ 110 കെവി ലൈനിനു ശേഷി കുറവായതുമൂലമാണ് കർണാടകയിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നത്.
നമ്മുടെ കാലങ്ങളായുള്ള ആവശ്യമാണ് കർണാടക അംഗീകരിച്ചത്. മൈലാട്ടി–വിദ്യാനഗർ എംസിഎംവി ലൈനിന്റെ പണി സുഗമമായി നടത്താൻ സാധിക്കുമെന്നതാണു ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഉത്തരവ് ഇറങ്ങിയതിനാൽ ഇനി എപ്പോൾ വേണമെങ്കിലും അധിക വൈദ്യുതി എടുക്കാൻ സാധിക്കും.കെ.നാഗരാജ ഭട്ട്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ