ADVERTISEMENT

നീലേശ്വരം∙ മടിക്കൈയിലെ  തോട്ടിനാട് കണ്ടത് പുലി തന്നെ.  ജനങ്ങളുടെ ആശങ്ക അകറ്റാൻ പഞ്ചായത്തും വനം വകുപ്പും രംഗത്ത്. ആടിനെ പിടിച്ച സാഹചര്യത്തിൽ വീണ്ടും വരാൻ സാധ്യത. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ടിന് സമീപത്തുള്ള തോട്ടിനാട്ടെ 10 ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ പുലിയെ കണ്ടത്. ഈ തോട്ടത്തിൽ ആടിനെ മേയ്ക്കാൻ വന്ന കാഞ്ഞിരപൊയിലിലെ ചന്തുകുട്ടിയുടെ ഭാര്യ ഓമനയാണ് ആദ്യമായി പുലിയെ കണ്ടത്.

തന്റെ ആടുകളുമായി തോട്ടത്തിലേക്ക് മേയ്ക്കാൻ വന്നതായിരുന്നു ഓമന. വൈകിട്ട് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ആടുകളുടെ കൂട്ടത്തിൽ നിന്ന് ഒന്നിനെ പുലി പിടിച്ചത്. ഇതോടെയാണ് സംഭവം നാട് അറിയുന്നത്. അതിനിടെ റബർ തോട്ടത്തിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ സഞ്ചരിക്കവേ ഓട്ടോ ഡ്രൈവറായ  വിജയനും പുലിയെ കണ്ടതോടെ നാടാകെ വിവരം പടർന്നു. ഇന്നലെ രാവിലെ വനം വകുപ്പിന്റെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി. പരിശോധന നടത്തി.

കാട് പടർന്ന് കിടക്കുന്ന സ്ഥലമായതിനാൽ പുലിയുടെ കാൽപാദം കണ്ടെത്താൻ‍ കഴിഞ്ഞില്ല. അതെ സമയം പുലിയുടെ സാന്നിധ്യമാണ് ഇതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. പുലി പിടിച്ച ആടിന്റെ മൃതദേഹം ഓമനയുടെ വീട്ടിന് സമീപത്ത്  വച്ച് തന്നെ മടിക്കൈ വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ‍ റൂബിയുടെ നേതൃത്വത്തിൽ‍ പോസ്റ്റ്മോർട്ടം ചെയ്തു. പിന്നീട് സംസ്കരിച്ചു. അതെ സമയം പുലിയുടെ സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ പ്രചാരണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയതായി വൈ.പ്രസിഡന്റ് പി.പ്രകാശൻ പറഞ്ഞു. 

ഒറ്റരാത്രി 12 കിലോമീറ്റർ വരെ സഞ്ചരിക്കാം 
മടിക്കൈ തോട്ടിനാടിലെ റബർ തോട്ടത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പുലിയുടെ വരവ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച്  ബന്ധപ്പെട്ടവർ സൂചന നൽകിയത്. ഒരിടത്ത് പുലിയെ കണ്ടാൽ അത് അവിടെ തന്നെ നിൽക്കില്ല. 12 കിലോ മീറ്റർ ദൂരം വരെ സഞ്ചരിക്കാനുള്ള ശീലം പുലിയ്ക്ക് ഉണ്ടെന്നാണ് പറയുന്നത്. അത് കൊണ്ട് തന്നെ തോട്ടിനാട് കണ്ട പുലി അവിടെ തന്നെ  ഉണ്ടാകണം എന്നില്ല. എന്നാൽ ഒരു സ്ഥലത്ത് നിന്ന് പിടിച്ച ഇര ഇഷ്ടപ്പെട്ടെങ്കിൽ  അതെ സ്ഥലത്തേക്ക് തിരിച്ച് വരാനുള്ള സാധ്യതയും തള്ളി കളയുന്നില്ല. ദിവസങ്ങൾക്ക് മുൻപ് മടിക്കൈ പ‍ഞ്ചായത്തിലെ വെള്ളുട പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവിടെ നിന്ന് അടുത്ത സ്ഥലമാണ് ഇപ്പോൾ പുലിയുടെ സാന്നിധ്യം കണ്ട തോട്ടിനാട്.

ഭീതി മായാതെ ഓമന 
കാഞ്ഞിരപൊയിലിലെ ചന്തുട്ടിയുടെ ഭാര്യ ഓമനയുടെ മനസ്സിലെ ഭീതി ഇനിയും മാഞ്ഞിട്ടില്ല. കൺമുന്നിൽ കണ്ട പുലിയുടെ രൂപം ഉറക്കത്തിൽ പോലും ഞെട്ടി ഉണർത്തുകയാണ്. ആ ദിവസത്തെ കുറിച്ച് ഓമന പറയുന്നത് ഇങ്ങനെ. എല്ലാ ദിവസവും വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ കൂട്ടിൽ വളർത്തുന്ന 8 ആടുകളെയും കൊണ്ട് രാമൻകുഴിയലേക്ക് മേയ്ക്കാൻ പോകും. ഇന്നലെ ആടുകൾ മേഞ്ഞ് സന്ധ്യയോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കുട്ടൻ എന്ന് വിളിക്കുന്ന ആട് എന്റെ പിറകിലായിരുന്നു നടന്നത്. മറ്റ് ആടുകളെല്ലാം മുന്നിലും പെട്ടെന്നാണ് കുട്ടന്റെ കരച്ചിൽ കേട്ട് തിരിഞ്ഞുനോക്കിയത്. നോക്കുമ്പോഴേക്കും വലിയൊരു പുലി അവന്റെ കഴുത്ത് പിടിച്ച് നിൽക്കുന്നു. ശബ്ദിക്കാൻ പോലും കഴിയാണ്ടായി. ഒന്നും നോക്കാതെ ഓടുകയായിരുന്നു.മറ്റ് ആടുകളും ഓടി. വീട്ടിലെത്തി ഭർത്താവ് ചന്തുക്കുട്ടിയോട് കാര്യം പറഞ്ഞതോടെ അവർ നാട്ടുകാർക്ക് വിവരം നൽകി. വീണ്ടും പുലിയെ കണ്ട സ്ഥലത്ത് പോയി. അവിടെ നോക്കിയപ്പോൾ ആടിനെ അവിടെ കണ്ടില്ല, വലിച്ചുകൊണ്ടുപോയി മറ്റൊരിടത്ത് ഉപേക്ഷിച്ചിരുന്നു. ആടിന്റെ തുട കടിച്ച് കൊണ്ട് പോയിരുന്നു. ടിവിയിൽ മാത്രമേ ഞാൻ പുലിയെ കണ്ടിടുള്ളു. ഇപ്പോ ശരിക്കും കണ്ടു.

English Summary:

Maḍikkaie leopard sighting sparks concern; authorities implement safety measures after a recent attack. The incident, which involved a goat being killed, prompted the deployment of forest officials and the installation of security cameras.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com