ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ എൻജിനിൽനിന്ന് തീയും പുകയും
Mail This Article
കാഞ്ഞങ്ങാട് ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ എൻജിൻ ഭാഗത്തുനിന്നു തീയും പുകയും ഉയർന്നു.ഹോംഗാർഡും ബസ് യാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്നു വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് നഗരത്തിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്താണ് സംഭവം. കാസർകോട് നിന്നു പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ എൻജിൻ ഭാഗത്തു നിന്നാണ് തീയുയർന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ടി.വി.നളിനാധരനാണ് ബസിന്റെ മുൻഭാഗത്ത് നിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം ബസ് നിർത്താൻ നിർദേശം നൽകി. ബസ് നിർത്തിയ ഉടൻ തന്നെ ഹോംഗാർഡുമാരായ നളിനാധരനും സി.ചന്ദ്രനും ചേർന്നു തീ അണയ്ക്കാൻ ശ്രമിച്ചു.
യാത്രക്കാർ കയ്യിലുണ്ടായിരുന്ന കുപ്പിവെള്ളം ഉപയോഗിച്ചും തീ കെടുത്താൻ ശ്രമിച്ചു. എന്നിട്ടും തീ പടരുന്നത് തടയാൻ കഴിയാതെ വന്നതോടെ സമീപത്തെ കടയുടെ മുൻപിലുണ്ടായിരുന്ന ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞ് ചുമട്ടു തൊഴിലാളികളും ഓട്ടോ തൊഴിലാളികളും സഹായവുമായി രംഗത്തെത്തി. വെള്ളമെത്തിച്ച് തീ കെടുത്താൻ ഇവരും പരിശ്രമിച്ചു. അഗ്നിരക്ഷാ സേനയുടെ സഹായം തേടാൻ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീ പടരാൻ കാരണമെന്ന് ഹോംഗാർഡ് ചന്ദ്രൻ പറഞ്ഞു.