കാത്തിരിപ്പിൽ കാണിയൂർ പാത; വീണ്ടും സമരമുഖം തുറക്കാൻ നാട്ടുകാർ
Mail This Article
കാഞ്ഞങ്ങാട് ∙ ഉത്തര മലബാറിന്റെ പ്രതീക്ഷയായ കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ പാത യാഥാർഥ്യമാകാൻ വീണ്ടും സമരമുഖം തുറക്കുന്നു. കാഞ്ഞങ്ങാട് നഗര വികസന സമിതിയാണ് പുതുവർഷത്തിൽ തന്നെ കാണിയൂർ പാതയ്ക്കായി വീണ്ടും രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 3ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. പാതയ്ക്ക് അനുകൂലമായ തീരുമാനമാണ് കേരള സർക്കാരിന്റേത്. റെയിൽവേയും പദ്ധതിക്ക് അനുകൂലമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക സർക്കാരിന്റെ ഭാഗത്തു നിന്നാണ് പച്ചക്കൊടി ഉയരേണ്ടത്. നേരത്തെ ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കാണിയൂർ പാത സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ റെയിൽപാത അനുവദിക്കാനാവില്ലെന്ന നിലപാടാണ് കർണാടക സർക്കാർ സ്വീകരിച്ചത്.
കാഞ്ഞങ്ങാട്- കാണിയൂർ പാത
2014-15 ലാണ് കാഞ്ഞങ്ങാട്-കാണിയൂർ പാതയുടെ സർവേയ്ക്ക് റെയിൽവേ അനുമതി നൽകിയത്. പദ്ധതി നിലവിൽ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങളൊന്നും റെയിൽവേ ബോർഡ് ഇതുവരെ നൽകിയിട്ടില്ല. 91 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇതിൽ 40 കിലോമീറ്റർ കേരളത്തിലൂടെയും 41 കിലോമീറ്റർ കർണാടകയിലൂടെയുമാണ് കടന്നു പോകുന്നത്.
കാണിയൂർ പാത വന്നാലുള്ള ഗുണങ്ങൾ
∙നിലവിൽ കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്ക് മംഗളൂരു വഴി പോകാൻ 10 മണിക്കൂറിലേറെ യാത്ര ചെയ്യണം. കാഞ്ഞങ്ങാട്-കാണിയൂർ പാത യാഥാർഥ്യമായാൽ 7 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്താം. 200 കിലോമീറ്റർ ലാഭിക്കാനും ഈ പാത വഴി കഴിയും. ചരക്കു നീക്കവും വേഗത്തിൽ നടക്കും.
∙കേരളത്തിൽ നിന്ന് തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക ക്ഷേത്രങ്ങളിലേക്കു പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂർ, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്ക് വരുന്നതുമായ തീർഥാടകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാത വഴി കഴിയും.
∙ഇപ്പോൾ പാണത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കു പോകാൻ പാണത്തൂർ-സുള്ള്യ റോഡ് മാത്രമാണ് ആശ്രയം. റെയിൽ പാത യഥാർഥ്യമായാൽ ഇരു സംസ്ഥാനത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ പാത വഴിയൊരുക്കും. അധികം എതിർപ്പില്ലാതെ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയാണ് കാഞ്ഞങ്ങാട്-കാണിയൂർ പാത. പാത ലാഭകരമാകുമെന്ന് നേരത്തെ നടത്തിയ സർവേയിൽ വ്യക്തമായതുമാണ്.