എച്ച്എഎല്ലും കേന്ദ്ര സർവകലാശാലയും; മൻമോഹൻ സർക്കാർ തന്ന സമ്മാനം
Mail This Article
കാസർകോട് ∙ സാങ്കേതിക, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ ജില്ലയുടെ അഭിമാനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) കേരള കേന്ദ്ര സർവകലാശാലയും പിറവിയെടുത്തത് കഴിഞ്ഞ ദിവസം അന്തരിച്ച മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ. ചുരുക്കം ചില കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന ജില്ലയിൽ യുപിഎ സർക്കാർ കാലത്ത് സീതാംഗോളിയിലെ എച്ച്എഎല്ലും പെരിയയിലെ കേന്ദ്ര സർവകലാശാലയും ആരംഭിച്ചത് വലിയ വികസന പ്രതീക്ഷയായി മാറിയിരുന്നു.
എച്ച്എഎൽ
പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് കാസർകോട് കിൻഫ്ര പാർക്കിൽ 2012ൽ എച്ച്എഎൽ ഉദ്ഘാടനം ചെയ്തത്. പക്ഷെ, തുടങ്ങിയ കാലത്തെ സ്ഥിതിയിൽ മാത്രമായി ഒതുങ്ങി എച്ച്എഎല്ലിന്റെ വികസനം.സംസ്ഥാന സർക്കാർ എച്ച്എഎല്ലിനായി 196 ഏക്കർ സ്ഥലമാണ് അനുവദിച്ചത്. ഇതിൽ 16 ഏക്കറിലാണ് നിലവിൽ എച്ച്എഎല്ലിന്റെ പ്രവർത്തനം. ബാക്കി സ്ഥലം ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരുന്നു.
എയർക്രാഫ്റ്റിന് ആവശ്യമായ റഡാർ കംപ്യൂട്ടറുകൾ, മിഷൻ കംപ്യൂട്ടറുകൾ, ഓപ്പൺ ആർക്കിടെക്ചർ കംപ്യൂട്ടറുകൾ തുടങ്ങിയവയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. 53 സ്ഥിരം ജീവനക്കാരും 51 താൽക്കാലിക ജീവനക്കാരും മാത്രമാണുള്ളത്. ഇവിടെ അനുവദിക്കേണ്ടിയിരുന്ന ഹെലികോപ്റ്റർ ഡിവിഷൻ ആവശ്യമായ ഇടപെടലുകളിൽ ഇല്ലാത്തതിനാൽ കർണാടകയിലെ തുംകൂറിലാണ് തുടങ്ങിയത്. എന്നാലും മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ വ്യവസായ സ്ഥാപനം ജില്ലയുടെ മുതൽക്കൂട്ട് തന്നെയാണ്.
കേന്ദ്ര സർവകലാശാല
2009ൽ വിവിധ സംസ്ഥാനങ്ങളിലായി 14 കേന്ദ്ര സർവകലാശാലകളാണ് അനുവദിക്കപ്പെട്ടത്. ഇതിലൊന്നാണ് കാസർകോട് പെരിയയിൽ അനുവദിച്ച കേരള കേന്ദ്ര സർവകലാശാല. 310 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പെരിയ ക്യാംപസിനു പുറമേ തിരുവല്ലയിലും തിരുവനന്തപുരത്തും സർവകലാശാലയ്ക്ക് കേന്ദ്രങ്ങളുണ്ട്. 26 ഡിപ്പാർട്മെന്റുകളിലായി 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 2500 വിദ്യാർഥികൾ പെരിയ ക്യാംപസിൽ പഠിക്കുന്നുണ്ട്. 170ൽ ഏറെ അധ്യാപകരും അത്രതന്നെ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.