എൻസിസി കെഡറ്റുകള്‍ക്ക് ആയുധങ്ങൾ പരിചയപ്പെടുത്തി സിആർപിഎഫ്
Mail This Article
പെരിയ ∙ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വിവിധതരം ആയുധങ്ങൾ എൻസിസി കെഡറ്റുകൾക്കു പരിചയപ്പെടുത്തി സിആർപിഎഫ് സേനാംഗങ്ങൾ. എൻസിസി 32 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ നടക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ദേശീയ ക്യാംപിന്റെ ഭാഗമായാണ് പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് സെന്ററിലെ സേനാംഗങ്ങൾ വിവിധയിനം റൈഫിളുകൾ, 84 എംഎം കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചർ, 7.62 എംഎം മെഷീൻ ഗൺ, 30 എംഎം ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ, 51 എംഎം മോർട്ടാർ എന്നിവയുടെ പ്രത്യേകതകളും ഉപയോഗിക്കുന്ന വിധവും കെഡറ്റുകൾക്ക് പരിചയപ്പെടുത്തി.
ക്യാംപ് കമാൻഡന്റ് കേണൽ സി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് സെന്റർ അസിസ്റ്റന്റ് കമാൻഡന്റ് ആർ.കാർത്തികേയൻ എന്നിവർ ക്ലാസെടുത്തു. ക്യാംപ് അഡ്ജുഡന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, സുബേദാർ മേജർ ഡി.വി.എസ്.റാവു, അസോഷ്യേറ്റ് എൻസിസി ഓഫിസർമാരായ പി.വി.സന്തോഷ് കുമാർ, എം.പി.പ്രശാന്ത്, ജി.സുനിൽ എന്നിവർ നേതൃത്വം നൽകി.