ബന്ധുവിന്റെ വിവാഹ ചടങ്ങിലേക്കുള്ള സന്തോഷയാത്ര അവസാനിച്ചത് തീരാസങ്കടത്തിൽ; തീരാനോവ്
Mail This Article
കാഞ്ഞങ്ങാട് ∙ ബന്ധുവിന്റെ വിവാഹ ചടങ്ങിലേക്കുള്ള സന്തോഷയാത്ര അവസാനിച്ചത് തീരാസങ്കടത്തിൽ. കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഐങ്ങോത്തും കണിച്ചിറ ഗ്രാമവും. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച കാറാണ് ദേശീയപാതയിൽ അപകടത്തിൽ പെട്ടത്. സ്കൂൾ അവധിയായതിനാൽ മക്കളോടൊപ്പം മേൽപറമ്പിലെ തന്റെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു ലത്തീഫിന്റെ ഭാര്യ സുഹറാബി. ഇന്നു സ്കൂൾ തുറക്കുന്നതിനാലും നീലേശ്വരത്ത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലുമാണ് ഇന്നലെ മേൽപറമ്പിലെ വീട്ടിൽ നിന്നു സുഹറബിയും 5 മക്കളും കാറിൽ പുറപ്പെട്ടത്.
ഉച്ചയോടെ ദേശീയപാതയിൽ ഐങ്ങോത്ത് എത്തിയപ്പോഴായിരുന്നു കെഎസ്ആർടിസി ബസിന്റെ രൂപത്തിൽ ദുരന്തം പാഞ്ഞെത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിന്റെ മുൻഭാഗം ബസിന്റെ ബോണറ്റിലേക്ക് തുളച്ചുകയറി. അപകടത്തിൽ പരുക്കേറ്റ സൈനുൾ റുമാൻ ലത്തീഫ്(9), ലഹക്ക് സൈനബ (12) എന്നിവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കേറ്റ മറ്റുള്ളരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാറിനുള്ളിൽ കുടുങ്ങിയ ഫായിസ് അബൂബക്കറെ അഗ്നിരക്ഷാ സേനയെത്തിയാണു രക്ഷപ്പെടുത്തിയത്. 15 മിനിറ്റോളം രക്ഷാപ്രവർത്തനം നീണ്ടു.
കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സതീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.എം.ഷിജു. ജി.എ.ഷിബിൻ, ടി.വി.സുധീഷ് കുമാർ, ഡ്രൈവർ സി.പ്രത്യുരാജ്, ഹോം ഗാർഡ് ഐ.രാഘവൻ എന്നിവർ ചേർന്നാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
വാഹന പരിശോധന ശക്തിപ്പെടുത്തും
ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹന പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു. ലൈസൻസും ഇൻഷുറൻസും ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.