ഉള്ളുലച്ച് മടക്കം; എരിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികൾക്കു യാത്രാമൊഴി
Mail This Article
എരിഞ്ഞിപ്പുഴ ∙ ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന അവർ അന്ത്യയാത്രയിലും ഒന്നിച്ചു. എരിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികൾക്കു യാത്രാമൊഴി നൽകാൻ നാടൊന്നാകെ ഒഴുകിയെത്തി.മുഹമ്മദ് യാസിന്റെയും അബ്ദുൽ സമദിന്റെയും മൃതശരീരം എരിഞ്ഞിപ്പുഴ ജുമാ മസ്ജിദിലും റിയാസിന്റെ കബറടക്കം ഉദ്യവാർ ജുമാ മസ്ജിദിലും വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. കാസർകോട് ഗവ.ജനറൽ ആശുപത്രിയിനിന്ന് മൂവരെയും തളങ്കര മാലിക് ദീനാർ ജമാഅത്ത് പള്ളിയിലേക്കു കൊണ്ടുപോയി. അവിടെ ചടങ്ങുകൾക്കു ശേഷം പുലർച്ചെ 2 മണിയോടെയാണു എരിഞ്ഞിപ്പുഴയിലെ ‘കടവ്’ വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ നൂറുകണക്കിനു പേർ എത്തിയിരുന്നു.
രാവിലെ മുതൽ പൊതുദർശനം. എട്ടരയോടെ റിയാസിന്റെ മൃതദേഹം ജന്മനാടായ മഞ്ചേശ്വരം ഉദ്യവാറിലേക്കു കൊണ്ടുപോയി. മുഹമ്മദ് യാസിനെയും അബ്ദുൽ സമദിനെയും എരിഞ്ഞിപ്പുഴ ജുമാമസ്ജിദിൽ കബറടക്കി. ഖത്തീബ് സാദിഖ് ഫൈസി പ്രാർഥനയ്ക്കു നേതൃത്വം നൽകി. റിയാസിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനു ശേഷം 10 മണിയോടെ ഉദ്യവാർ ജുമാമസ്ജിദിൽ കബറടക്കി.
ശനിയാഴ്ച ഉച്ചയ്ക്കു 1.40 നാണു സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ എരിഞ്ഞിപ്പുഴ പാലത്തിന്റെ താഴെ പുഴയിൽ മുങ്ങിമരിച്ചത്. എരിഞ്ഞിപ്പുഴയിലെ വ്യാപാരി അഷ്റഫ്, സഹോദരൻ മജീദ്, സഹോദരി റംല എന്നിവരുടെ മക്കളാണ് മുഹമ്മദ് യാസിനും അബ്ദുൽ സമദും റിയാസും. വീട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ റിയാസ് ഒഴുക്കിൽപെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു. രക്ഷപ്പെടുത്താനിറങ്ങിയ റിയാസിന്റെ മാതാവ് റംലയെ നാട്ടുകാർ രക്ഷപ്പെടുത്തുകയുമായിരുന്നു.കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹങ്ങൾ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
കലാപരിപാടികൾ ഒഴിവാക്കി
എരിഞ്ഞിപ്പുഴ ∙ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാനത്തൂർ നാൽവർ ദൈവസ്ഥാന കളിയാട്ടത്തോടനുബന്ധിച്ചു നടത്താൻ തീരുമാനിച്ചിരുന്ന കലാപരിപാടികൾ ഒഴിവാക്കി.ഇന്നും നാളെയും രാത്രി നടത്താൻ തീരുമാനിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ദേവസ്ഥാനം അധികൃതരും ആഘോഷസമിതിയും ചേർന്നു കലാപരിപാടികൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.