കുറ്റിക്കോലിൽ പൊതുശ്മശാനം വേണം ;ദുരിതം, മരണത്തിനപ്പുറവും
Mail This Article
കുറ്റിക്കോൽ ∙ ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം കുറ്റിക്കോൽ കാഞ്ഞാനടുക്കത്ത് ശ്മശാനം നിർമിക്കുന്നതിനായി ഭൂമി പാട്ടത്തിന് അനുവദിച്ചു. പഞ്ചായത്തിൽ പൊതുശ്മശാനം നിർമിക്കണമെന്നതു വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. കുറ്റിക്കോൽ പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളായ കള്ളാർ, ബേഡഡുക്ക ഭാഗങ്ങളിലുള്ളവർ കുറ്റിക്കോലിൽ പൊതുശ്മശാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലാണ്. നിരാലംബർക്ക് മൃതദേഹം മാന്യമായി സംസ്കരിക്കാനുള്ള സംവിധാനം നിലവിലില്ല. കുറ്റിക്കോൽ വില്ലേജിലെ റീസർവേ നമ്പർ 89ൽ ഉൾപ്പെട്ട 50 സെന്റ് ഭൂമി പത്തു വർഷത്തേക്കാണ് പാട്ട തുകയ്ക്ക് അനുവദിച്ച് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉത്തരവിറക്കിയത്.
ഇതോടെ ശ്മശാനം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനവും സ്ഥലം അനുവദിക്കുന്നതിനായി മുൻകൈ എടുത്ത പഞ്ചായത്തംഗം (സിപിഐ) അശ്വതി അജിത് കുമാറും പറഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി പഞ്ചായത്ത് പദ്ധതികളിൽ ശ്മശാന നിർമാണത്തിനായി തുക നീക്കി വയ്ക്കുന്നുണ്ടെങ്കിലും സ്ഥലം വീട്ടു നൽകാൻ റവന്യു വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല.
പഞ്ചായത്തിൽ ഒട്ടേറെ പട്ടികവർഗ വിഭാഗങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്തു മൃതദേഹം സംസ്കരിക്കാൻ സ്ഥല സൗകര്യമില്ലാതെ ഒട്ടേറെ പേരാണ് പ്രയാസപ്പെടുന്നത്.സംസ്കരിക്കാൻ ദൂരസ്ഥലങ്ങൾ തേടി പോവേണ്ട ഗതികേടിലാണ്. പുതിയ ശ്മശാനം നിർമിച്ച് ഗ്യാസ്, വൈദ്യുതി എന്നിവ ഉപയോഗിച്ചു ദഹിപ്പിക്കാനുള്ള സൗകര്യം കൂടി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.