ADVERTISEMENT

നീലേശ്വരം ∙ ഏതാനും നിമിഷങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു വീട്ടിലേക്ക്. പക്ഷേ, ഒറ്റനിമിഷത്തിൽ..അപകടം നടന്നത് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ്. 2 കിലോമീറ്റർ പിന്നിട്ടിരുന്നെങ്കിൽ അവർക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. പടന്നക്കാട് മേൽപാലത്തിന് സമീപത്തുണ്ടായ വാഹനാപകടം വീട്ടിലേക്ക് രണ്ടു കിലോമീറ്റർമാത്രം ബാക്കിയിരിക്കെയാണെന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി.

അവരില്ല, സ്കൂളിലേക്ക്
സ്കൂൾ തുറക്കുന്ന ദിവസത്തിൽ തന്നെ രണ്ട് സതീർഥ്യരുടെ വേർപാടിന്റെ നടുക്കത്തിലാണ് സഹപാഠികൾ. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ലഹക്ക് സൈനബ. നീലേശ്വരം ജിഎൽപി സ്കൂൾ വിദ്യാർഥിയാണ് സൈനുൾ റുമാൻ. അപകട വിവരം അറിഞ്ഞതോടെ അധ്യാപകരും വിദ്യാർഥികളും ആശങ്കയിലായിരുന്നു. ഇരുവർക്കും വേണ്ടി പ്രാർഥിച്ച് അധ്യാപകരും സഹപാഠികളും നിൽക്കുന്നതിനിടയിലാണ് വേദനിപ്പിക്കുന്ന വാർത്ത വന്നത്. ഇതോടെ എല്ലാവരും മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. പുതുവർഷം പിറക്കുന്ന സന്തോഷത്തിൽ അധ്യാപകർക്ക് ആശംസ കാർഡുകൾ വരെ ഇവർ നൽകിയിരുന്നത് വേദനയോടെ ഓർക്കുകയാണ് അധ്യാപകർ.  രണ്ടു പേരുടെയും സംസ്കാരം നടക്കുന്നതിനാൽ ഇവർ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങൾക്കും അവധി നൽകി.

കാറപകടം: രണ്ട് കുട്ടികൾ മരിച്ചു; മൂന്ന് സഹോദരങ്ങൾക്കും ഉമ്മയ്ക്കും പരുക്ക്

കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു; ഉമ്മയ്ക്കും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു മരിച്ചത്.ഫാത്തിമത്ത് സുഹറാബി (40), മക്കളായ ഫായിസ് അബൂബക്കർ (20), ഷെറിൻ ലത്തീഫ് (14), മിസബ് ലത്തീഫ് (3) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസബിനു നിസ്സാര പരുക്കേയുള്ളൂ. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവർക്കും പരുക്കുണ്ട്.

ഇന്നലെ ഉച്ചയ്ക്കു 12ന് ആണ് നാടിനെ നടുക്കിയ അപകടം. കണ്ണൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുഹറാബിയുടെ മേൽപറമ്പിലെ വീട്ടിലായിരുന്ന കുടുംബം,അവിടെനിന്നു കണിച്ചിറയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. മൂത്തമകൻ ഫായിസ് അബൂബക്കറാണ് കാർ ഓടിച്ചിരുന്നത്.ഫായിസ് ഒഴികെയുള്ളവരെ സമീപവാസികളും മറ്റും ചേർന്നു കാറിൽനിന്നു പുറത്തെത്തിച്ചു. ഉള്ളിൽ കുടുങ്ങിപ്പോയ ഫായിസിനെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണു പുറത്തെത്തിച്ചത്. ലത്തീഫ് ജപ്പാനിലാണു ജോലി ചെയ്യുന്നത്.

English Summary:

Neeleswaram school children's fatal accident near Padannakkad devastated the community. The two students, Sainaba and Sainul Rumaan, were killed just short of reaching home on their first day back to school.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com