നൊമ്പരം നിറച്ച് യാത്രാമൊഴി; സൈനബയ്ക്കും സൈനുൽ റുമാനും നാട് വിട ചൊല്ലി
Mail This Article
നീലേശ്വരം ∙ വാഹനാപകടത്തിൽ മരിച്ച ലഹക്ക് സൈനബയ്ക്കും സൈനുൽ റുമാനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച നീലേശ്വരം കണിച്ചിറയിലെ കല്ലായി ലത്തീഫിന്റെ മക്കളായ നീലേശ്വരം രാജാസ് ഹൈസ്കൂളിലെ വിദ്യാർഥി സൈനബയുടെയും നീലേശ്വരം ജിഎൽപി സ്കൂളിലെ വിദ്യാർഥി സൈനുൽ റുമാന്റെയും ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ, അധ്യാപകരുടെയും സഹപാഠികളുടെയും സങ്കടം അണപൊട്ടി.
സ്കൂൾ കലോത്സവത്തിൽ ഒപ്പന ടീമിലെ അംഗമായിരുന്നു സൈനബ. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇവരുടെ ടീമിനായിരുന്നു വിജയം. വയലിൻ വായനയിൽ മിടുക്ക് കാണിച്ച റുമാൻ തന്റെ വിദ്യാലയത്തിലെ ഏവർക്കും പ്രിയങ്കരനും. ഇവരുടെ ഓർമകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നൂറുക്കണക്കിനു പേരാണ് ഈ പിഞ്ചോമനകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. രാവിലെ 10 മണിയോടെ കണിച്ചിറയിലെ വീട്ടിലേക്ക് എത്തിച്ച ഇരുവരുടെയും ഭൗതീകശരീരം കാണാൻ വൻജനാവലി തടിച്ചുകൂടി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭാ ചെയർമാൻ ടി.വി.ശാന്ത, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ കെ.വി.സുജാത, വൈസ് ചെയർമാൻമാരായ മുഹമ്മദ് റാഫി, ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ ഇ.ഷജീർ, റഫീഖ് കടപ്പുറം, എൽഡിഎഫ് കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ, മാമുനി വിജയൻ, ടി.സി.എ.റഹിമാൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.