ബസിൽനിന്നു തെറിച്ചു വീണത് നാണയത്തുട്ടുകൾ; പെറുക്കിയെടുത്ത് കുരുന്നുകൾ, നന്മ
Mail This Article
പൊയിനാച്ചി ∙ ഇന്നലെ രാവിലെ അച്ഛൻ രതീഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകാനിറങ്ങിയതായിരുന്നു ഇരട്ട സഹോദരികളായ നിവേദ്യയും നിവേദിതയും. 9 മണിയോടെ പൊയിനാച്ചി പറമ്പയിലെത്തിയപ്പോഴാണു ബന്തടുക്ക ഭാഗത്തുനിന്നു കാസർകോട്ടേക്കു വരികയായിരുന്ന ശുക്രിയ ബസിൽനിന്നു കണ്ടക്ടറുടെ ബാഗ് റോഡിലേക്കു തെറിച്ചുവീണത്. സ്കൂട്ടറിൽനിന്നിറങ്ങിയ ഇരുവരും ബാഗെടുത്തു കണ്ടക്ടർ എം.രാജപ്പനു കൈമാറി.
പക്ഷേ, ബാഗിലുണ്ടായിരുന്ന നാണയത്തുട്ടുകൾ റോഡിൽ ചിതറിക്കിടക്കുന്നു. അതു മുഴുവൻ പെറുക്കിയെടുക്കാൻ ധാരാളം സമയം വേണം. അതിനു നിന്നാൽ യാത്രക്കാർക്കു സമയത്തു ലക്ഷ്യസ്ഥാനത്തെത്താനാവില്ല. അപ്പോൾ കണ്ടക്ടർക്കു സഹായവുമായി നിവേദ്യയും നിവേദിതയുമെത്തി. ഇരുവരും അര മണിക്കൂറിലേറെ സമയമെടുത്തു നാണയം പെറുക്കിയെടുക്കുകയും പിതാവ് രതീഷ് കുമാറിന്റെ കൈവശം നൽകി കണ്ടക്ടറുടെ അക്കൗണ്ടിലേക്കു അയയ്ക്കുകയും ചെയ്തു. 460 രൂപയുടെ നാണയങ്ങളാണ് അതിലുണ്ടായിരുന്നത്.
കുണ്ടംകുഴിയിലെ ‘നീർക്കയ’യിൽ സി.രതീഷ് കുമാറിന്റെയും കെ.വിദ്യയുടെയും മക്കളായ നിവേദ്യയും നിവേദിതയും പൊയിനാച്ചി ഭാരത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളാണ്. സ്കൂളിൽ വൈകിയെത്തിയതിന് അധ്യാപകരുടെ ശകാരവർഷം പ്രതീക്ഷിച്ച ഇരുവർക്കും കിട്ടിയതു മനസു നിറയുന്ന അഭിനന്ദനങ്ങൾ. വൈകിയ കാരണം ചോദിച്ചപ്പോൾ കുട്ടികൾ സംഭവം വിവരിച്ചു. പൊയിനാച്ചി ഭാരത് സ്കൂളിലെ പ്രധാനാധ്യാപകൻ എൻ.ബാലചന്ദ്രൻ ഇരുവരെയും അനുമോദിച്ചു.