വടിവാളും മഴുവും പോലുള്ള ആയുധങ്ങൾ: ശരത്‌ലാലിന്റെ ശരീരത്തിൽ 20 വെട്ട്; കൃപേഷിന്റെ തലച്ചോർ പിളർന്നു
Mail This Article
പെരിയ ∙ വടിവാളും മഴു പോലുള്ള ആയുധങ്ങളും ഉപയോഗിച്ചുള്ള അതിക്രൂരമായ ആക്രമണത്തിലാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. കൃപേഷിന്റെ തലയിൽ വെട്ടേറ്റ് 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റിരുന്നു. തലച്ചോർ പിളർന്നു. ശരത്‌ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റു. നെറ്റിയിലും വലതുചെവി മുതൽ കഴുത്ത് വരെയുമായി 23 സെന്റിമീറ്റർ നീളത്തിലുള്ള മുറിവുണ്ടായി.
പകുതിയിലധികം വെട്ടും കാൽമുട്ടിനു താഴെയായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരോടുള്ള സിപിഎമ്മിന്റെ വിരോധത്തിൽ തുടങ്ങിയ പ്രശ്നങ്ങളാണ് പെരിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. കേസിന്റെ വിചാരണയിലെ സാക്ഷിമൊഴികളിൽ ഇക്കാര്യം ഒന്നിലേറെ തവണ ചർച്ചയായി.2019 ജനുവരി രണ്ടിനു പുലർച്ചെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു വൻ വിവാദമായിരുന്നു.
അന്ന് ശരത് ലാലിന്റെ നേതൃത്വത്തിൽ പെരിയ കല്യോട്ട് പ്രതിഷേധ പ്രകടനം നടന്നു. സിപിഎം നേതൃത്വം നൽകുന്ന മുന്നാട് പീപ്പിൽ കോ ഓപറേറ്റീവ് കോളജിലെ രണ്ടു വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തത് സിപിഎമ്മിനെ ചൊടിപ്പിച്ചു. ഇവരുടെ ഫോട്ടോ സിപിഎം പ്രവർത്തകർ മുന്നാട് കോളജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് അയച്ചുകൊടുത്തു.
ഈ വിദ്യാർഥികളെ ജനുവരി 4ന് മുന്നാട് കോളജിലെ എസ്എഫ്ഐ പ്രവർത്തകർ തല്ലി. ഇത് ചോദ്യം ചെയ്ത് ശരത്‌ലാലിന്റെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ കല്യോട്ട് വച്ച് വൈകിട്ട് കോളജ് ബസ് തടഞ്ഞു. ഈ സംഘർഷത്തിൽ കൈ പൊട്ടിയെന്നു പറഞ്ഞ് ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ (ഒന്നാം പ്രതി) ആശുപത്രിയിൽ ചികിത്സ തേടി.
ഇതിന്റെ പ്രതികാരത്തിന് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ഗൂഢാലോചന നടത്തി. തുടർന്നാണ് ആക്രമണത്തിനു പദ്ധതി തയാറാക്കിയത്. ശരീരമാസകലം വെട്ടേറ്റ ശരത്‌ലാൽ സംഭവ സ്ഥലത്തും തലയ്ക്ക് വെട്ടേറ്റ കൃപേഷ് പിന്തിരിഞ്ഞോടി സമീപത്തെ ചെറിയ ചാലിനു സമീപവും വീണു.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ജീപ്പിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശരത്‌ലാലിന്റെ സഹോദരി അമൃത ഉൾപ്പെടെയുള്ള ബന്ധുക്കളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ശരത്‌ലാലിനെയും കൃപേഷിനെയും കണ്ട് ആശുപത്രിയിലെത്തിച്ചത്. വൈകാതെ ഇരുവരും മരണത്തിനു കീഴടങ്ങി.