നേതാക്കളുടെ സന്ദർശനം കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കിനുള്ള തെളിവ്: മുരളീധരൻ
Mail This Article
പെരിയ∙ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലും പെരിയ കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വീടുകളിലും സിപിഎം നേതാക്കൾ നടത്തിയ സന്ദർശനമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ കുറ്റപ്പെടുത്തി.
കല്യോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതികുടീരത്തിലെത്തിയതായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചതും പി.ജയരാജനുൾപ്പെടെയുള്ള നേതാക്കളാണ്. പി.ജയരാജന് ജനകീയ കോടതിയിൽ ലഭിച്ച ശിക്ഷ നീതിന്യായ കോടതിയിലും ലഭിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ഞായറാഴ്ച ജയിലുകളിൽ സാധാരണഗതിയിൽ സന്ദർശകരെ അനുവദിക്കാറില്ല. പി.ജയരാജനും സംഘത്തിനും അനുമതി കിട്ടിയത് എങ്ങനെയെന്നു വ്യക്തമല്ല. കൊടി സുനിക്കു വരെ പരോൾ അനുവദിച്ച സർക്കാരാണിത്. പക്ഷേ ഒന്നേകാൽ കൊല്ലം മാത്രമേ ഈ സർക്കാർ അധികാരത്തിലുണ്ടാകൂവെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെ കണ്ടു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, കെപിസിസി അംഗം ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി ഭാരവാഹികളായ ഗീതാ കൃഷ്ണൻ, ബി.പി.പ്രദീപ്കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.