പെരിയ കേസ്: വിട്ടയച്ചവരിൽ 3 പേരുടെ കാര്യത്തിൽ സിബിഐ അപ്പീൽ ഉറപ്പ്
Mail This Article
പെരിയ∙ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ കോടതി വിട്ടയച്ച 10 പേരിൽ 3 പേർക്ക് കൃത്യത്തിൽ പങ്കുള്ളതിനു വ്യക്തമായ തെളിവുണ്ടെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമ്പോൾ ഇവരുടെ കാര്യത്തിൽ നടപടി കടുപ്പിക്കണമെന്നും നിയമോപദേശം. വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഔദ്യോഗിക കക്ഷി എന്ന നിലയിൽ സിബിഐ അപ്പീൽ നൽകുമ്പോൾ ആർക്കൊക്കെ എതിരെയാണ് അപ്പീൽ നൽകുക എന്നത് അന്തിമ തീരുമാനമായിട്ടില്ല.
എന്നാൽ ഈ 3 പേരുടെ കാര്യത്തിൽ നടപടി കടുപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 9ാം പ്രതി തന്നിത്തോട്ടെ എം.മുരളി (42),16ാം പ്രതി എ.മധു (ശാസ്ത മധു–46),18ാം പ്രതി എ.ഹരിപ്രസാദ് (37) എന്നിവർക്ക് കേസിന്റെ ഗൂഡാലോചനയിലും പദ്ധതി ആസൂത്രണം ചെയ്തതിലും വ്യക്തമായ പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
ഈ 3 പേരെ വിട്ടയച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.അതേസമയം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വിട്ടയക്കപ്പെട്ടവരിൽ മറ്റു 2 പേർക്കെതിരായ തെളിവുകൾ ദുർബലമാണെന്നും വിലയിരുത്തലുണ്ട്. ആരുടെയൊക്കെ കാര്യത്തിലാണ് സിബിഐ അപ്പീൽ പോവുക എന്ന കാര്യം പിന്നീടേ വ്യക്തമാവുകയുള്ളു.
വിട്ടയച്ച 10 പേരുടെയും കേസ് വെവ്വേറെ പഠിച്ച ശേഷമാകും ഇതിൽ തീരുമാനമെടുക്കുക. കേസ് ശിക്ഷാവിധി വന്ന് 30 ദിവസത്തിനകമാണ് അപ്പീൽ സമർപ്പിക്കേണ്ടത്. സിബിഐ നൽകുന്ന അപ്പീലിൽ കുടുംബം കക്ഷി ചേരും.
ഫെബ്രുവരി 14,17 ദിവസങ്ങളിലെ ഗൂഢാലോചനയിൽ പങ്കാളിയായതായും കൊലയ്ക്കു ശേഷം പ്രതികളെ വാഹനവുമായി ഏച്ചിലടുക്കം കമ്യൂണിറ്റി ഹാളിനു സമീപം കാത്തു നിന്നതായും അടക്കമുള്ളതാണ് മുരളിക്കെതിരായ കേസ്. ശാസ്താ മധുവും ഗൂഡോലോചനയിൽ പങ്കാളിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
ശിക്ഷിക്കപ്പെട്ട 4ാം പ്രതിക്കൊപ്പം വാഹനത്തിൽ സംഭവസ്ഥലത്തു നിന്ന് മധു രക്ഷപ്പെടുകയായിരുന്നുവത്രെ. എ.ഹരിപ്രസാദ് 2 ദിവസത്തെ ഗൂഢാലോചനയിൽ പങ്കാളിയായ ശേഷം സംഭവം നടന്ന ഉടനെ നാട്ടിൽ നിന്ന് മുങ്ങിയെന്നും പയ്യോളിയിലെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചിരുന്നത്.
ഇതു സംബന്ധിച്ച രേഖകൾ സിബിഐ ആണ് കണ്ടെത്തിയത്. 5 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടവർക്ക് കടുത്ത ശിക്ഷ വേണമെന്നും അപ്പീലിൽ കോൺഗ്രസും കുടുംബവും ആവശ്യപ്പെടുമെങ്കിലും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് കൂടുതൽ കടുത്ത ശിക്ഷ വേണമെന്ന് ആവശ്യപ്പെടാനിടയില്ല.
അതേ സമയം പ്രതികളാണെന്ന് ആർഗ്യുമെന്റ് നോട്ടിൽ പ്രതിഭാഗം തന്നെ കോടതിയിൽ പരോക്ഷമായി സമ്മതിച്ചവരെന്ന് കുടുംബം പറയുന്നതും നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്തതുമായ 4 പേരെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.പി.പി.മുസ്തഫയെയും പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിലനിൽക്കുന്നു.
ഇവരുടെ പങ്കിനെ കുറിച്ച് ആഴത്തിൽ അന്വേഷണം നടന്നിട്ടില്ല. ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കണമെങ്കിൽ തുടരന്വേഷണം ആവശ്യമാണ്. ഇതിന് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണം. കോടതി അനുമതി ലഭ്യമായാൽ പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം.
അതേസമയം പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വരവേൽപ് നൽകിയത് അപകടകരമായ സന്ദേശം പൊതു സമൂഹത്തിന് നൽകുമെന്നും ഇതിന് അവസരം നൽകിയ അധികൃതർക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.