കോവിഡ് പ്രതിരോധം: അഞ്ചലിൽ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തം
Mail This Article
അഞ്ചൽ ∙ സമീപ പഞ്ചായത്തായ കുളത്തൂപ്പുഴയിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ അതിർത്തി പങ്കുവയ്ക്കുന്ന ഏരൂർ, അലയമൺ പഞ്ചായത്തുകളിലും പ്രധാന ടൗണായ അഞ്ചലിലും ജാഗ്രത കർശനമാക്കണമെന്ന ആവശ്യം ശക്തം. ലോക്‌ഡൗൺ ഇളവിന്റെ മറവിൽ വാഹനവുമായി ചുറ്റിക്കങ്ങുന്നവരെ പിടികൂടുകയാണ് പ്രധാനം. പൊലീസ് പരിശോധനയുടെ കാഠിന്യം കുറഞ്ഞതോടെയാണ് ആളുകൾ കൂട്ടമായി പുറത്തിറങ്ങാന്‍ തുടങ്ങിയത്. ഏരൂർ – ആലഞ്ചേരി – അഞ്ചൽ, ആയൂർ – അഞ്ചൽ, ഓന്തുപച്ച – ചണ്ണപ്പേട്ട – അഞ്ചൽ, ആലഞ്ചേരി – അഗസ്ത്യക്കോട് വഴി അഞ്ചൽ റോഡുകളിലും ഈ സ്ഥലങ്ങളിലെ ഊടു വഴികളിലും മിന്നൽ പരിശോധന നടത്തി യാത്രികരെ നിയന്ത്രിച്ചാലെ അഞ്ചലിലെ അനാവശ്യ തിരിക്കിനു പരിഹാരമാകു.
പരിസര പ്രദേശങ്ങളിലെ പ്രധാന ടൗൺ അഞ്ചൽ ആയതിനാൽ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. അത്യാവശ്യക്കാരേക്കാൾ കൂടുതലാണ് ആവശ്യമില്ലാതെ കറങ്ങുന്നവരുടെ എണ്ണമെന്നു പൊലീസ് സമ്മതിക്കുന്നു. ആർഒ ജംക്‌ഷനിൽ സിഐ സി.എൽ.സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് ജാഗ്രത പാലിക്കുന്നതിനാൽ ഊടു വഴികളിലൂടെയാണു മിക്കവരുടെയും യാത്ര. ഭൂരിഭാഗവും മാസ്ക് ധരിക്കാത്തത് പ്രശ്നം കൂടുതൽ വഷളാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.