കൃതിയുടേതും ഉത്രയുടേതു പോലൊരു കൊലപാതകമോ? നൽകിയത് 70 പവൻ, ഇന്നോവ ക്രിസ്റ്റ
Mail This Article
കൊല്ലം ∙ ഉത്ര വധക്കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഏഴു മാസം മുൻപു ജില്ലയെ പിടിച്ചു കുലുക്കിയ മറ്റൊരു വധക്കേസിൽ ഇപ്പോഴും കുറ്റപത്രം പോലും സമർപ്പിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്. മുളവനാൽ ചരുവിള പുത്തൻവീട്ടിൽ കൃതി (25)യെ ഭർത്താവ് വൈശാഖ് ബൈജു(28) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കൃതിയുടെ വീട്ടിൽ കഴിഞ്ഞ നവംബർ 11 നായിരുന്നു സംഭവം.
കീഴടങ്ങിയ വൈശാഖ് കുടുംബ പ്രശ്നത്തെത്തുടർന്ന് താൻ തന്നെയാണ് കൊല നടത്തിയതെന്ന് മൊഴിയും നൽകിയിരുന്നു. എന്നാൽ, റിമാൻഡിൽ കഴിയവേ വൈശാഖിനു 44 ദിവസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. വൈശാഖിനു ജാമ്യം അനുവദിച്ച ശേഷം കേസ് അന്വേഷണം മരവിച്ച നിലയിലാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും കൃതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
4 വർഷം മുൻപ് തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച കൃതി മകൾക്ക് 4 മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തുകയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈശാഖിനെ 2018ൽ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹസമയത്ത് 70 പവനോളം സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും വൈശാഖ് വാങ്ങിയതായി കൃതിയുടെ പിതാവ് മോഹനൻ പറയുന്നു. പിന്നീട് ബിസിനസ് ആവശ്യങ്ങൾക്കും വസ്തു വാങ്ങാനുമായി കൃതിയുടെ മാതാപിതാക്കളെ കൊണ്ട് പല ബാങ്കുകളിൽ നിന്നായി 25 ലക്ഷത്തോളം രൂപ വൈശാഖ് വായ്പ എടുപ്പിച്ചിരുന്നു. കൃതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തണമെന്ന ആവശ്യത്തെത്തുടർന്നാണ് ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായത്.
തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ കൃതിയെ അനുനയിപ്പിക്കാനെന്ന ഭാവത്തിൽ എത്തിയ വൈശാഖ് വീട്ടുകാരുടെ സാന്നിധ്യത്തിലാണു കൊല നടത്തിയതെന്നും മോഹനൻ പറഞ്ഞു. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവായി നിലനിൽക്കെ ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായ വൈശാഖ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസം കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. വൈശാഖിനു ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.