ADVERTISEMENT

കൊല്ലം ∙ കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ  ഭൂമി അവകാശികൾ വിൽക്കാനൊരുങ്ങിയപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊടികുത്തിയും കുടിൽ കെട്ടിയും സമരം. വസ്തു വിൽക്കണമെങ്കിൽ ഇവിടെ നേരത്തെയുണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകണമെന്നാണു ആവശ്യം. കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ഭൂവുടമ പിറവന്തൂർ വെട്ടിത്തിട്ട വന്മല വെള്ളത്തറയിൽ റുഖിയാ ബീവി.

നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനും റൂറൽ എസ്പിക്കും ഇവർ  പരാതി നൽകി. ‌മൺറോത്തുരുത്തിലെ പട്ടംതുരുത്തിൽ 1.33 ഏക്കർ ഭൂമി 2000ലാണു കെ.എം.ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വിലയ്ക്കു വാങ്ങിയത്. ഇവിടെ മുൻ ഉടമ നടത്തിയിരുന്ന ഇഷ്ടികക്കമ്പനിയുടെ ബാധ്യതകളെല്ലാം തീർത്തിട്ടാണു വിലയാധാരം എഴുതിയതെന്നു റുഖിയാ ബീവി പറയുന്നു.

കമ്പനിയിൽ നിന്ന് ഇഷ്ടിക മൊത്തമായി എടുത്തു ഷെറീഫ് കച്ചവടം നടത്തിയിരുന്നു. കടം കയറിയതോടെ 2001ൽ കമ്പനി പൂട്ടി. കടബാധ്യതയെ തുടർന്നു ഷെറീഫ് 2011ൽ ആത്മഹത്യ ചെയ്തു. കഴിഞ്ഞ വർഷം മകളുടെ വിവാഹം നടത്തിയതോടെ ഉണ്ടായ കടം വീട്ടാൻ വസ്തു പ്ലോട്ടുകളായി വിൽക്കാൻ തീരുമാനിച്ചു. ഒരു പ്ലോട്ട് വിറ്റപ്പോഴേക്കും സിപിഎം പ്രാദേശിക നേതാക്കളും ചില ഇടനിലക്കാരും രംഗത്തുവരികയായിരുന്നുവെന്നും  പരാതിയിൽ  പറയുന്നു.

മുൻപ് ഉണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകണമെന്നും അതിനായി 5 ലക്ഷം രൂപ വേണമെന്നുമാണ് ആവശ്യം. തൊഴിലാളികൾക്കു നിയമപരമായി എന്തെങ്കിലും ആനുകൂല്യം കിട്ടാനുണ്ടെങ്കിൽ അതിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.  ഭൂമിയിൽ അതിക്രമിച്ചു കയറുന്നതു വിലക്കിക്കൊണ്ടുള്ള കോടതി വിധിയും  ലംഘിച്ചതായി പൊലീസിനു നൽകിയ പരാതിയിലുണ്ട് 

ആവശ്യപ്പെട്ടത് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമെന്നു സിപിഎം

ഇഷ്ടികക്കമ്പനി നിർത്തിയപ്പോൾ, എന്നെങ്കിലും ഭൂമി വിൽക്കുമ്പോൾ തൊഴിലാളികൾക്കു അർഹമായ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പു നൽകിയിരുന്നതായി സിപിഎം നേതൃത്വം വിശദീകരിക്കുന്നു. ഭൂമി വിൽക്കാൻ ഒരുങ്ങിയപ്പോൾ ആദ്യം ഇതു സമ്മതിച്ചിരുന്നതാണ്. രണ്ടാഴ്ച സമയവും ആവശ്യപ്പെട്ടു. ഇതിനിടെ, ആരുമറിയാതെ ഭൂമി വിൽക്കാൻ തുനിഞ്ഞപ്പോഴാണു കൊടി കുത്തിയത്.  കടബാധ്യതയെത്തുടർന്ന് ഉടമ ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് കമ്പനി കെട്ടിടം പൊളിച്ചപ്പോൾ തൊഴിലാളികൾ എതിർക്കാതിരുന്നത് . 

അന്വേഷണത്തിന് നിർദേശം

കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കിഴക്കേ കല്ലട പൊലീസിനു നിർദേശം നൽകിയതായി റൂറൽ എസ്പി ഹരിശങ്കർ. കോടതി വിധി ലംഘിച്ചു ഭൂമിയിൽ അതിക്രമിച്ചു കയറിയതിനെതിരെയായിരുന്നു പരാതി. പട്ടംതുരുത്ത് സ്വദേശികളായ സുരേഷ് ബാബു, ബാബുജി, ബാലചന്ദ്രൻ, കെ. മധു എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 പേർക്കുമെതിരെയാണു പരാതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com